സിറോ മലബാർ സഭയിൽ പുതുക്കിയ കുർബാനരീതി ഈ മാസം 28 മുതൽ നടപ്പാക്കണം ;കർദ്ദിനാൾ ജോർജ് ആലഞ്ചേരി

സിറോ മലബാർ സഭയിൽ പുതുക്കിയ കുർബാനരീതി ഈ മാസം 28 മുതൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികർക്ക് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ കത്ത്. സഭയുടെ ഐക്യത്തിനായി എല്ലാവരും സിനഡ് നിർദേശം അനുസരിക്കണമെന്ന് കർദ്ദിനാൾ കത്തിൽ ആഹ്വാനം ചെയ്യുന്നു.

ആരാധനക്രമ ഏകീകരണത്തിനെതിരെ എറണാകുളം – അങ്കമാലി അടക്കം വിവിധ രൂപതകളിൽ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഐക്യത്തിന് ആഹ്വാനം ചെയ്ത് കർദ്ദിനാളിൻ്റെ കത്ത്. പുതുക്കിയ കുർബാനക്രമം ഈ മാസം 28 മുതൽ നടപ്പാക്കണമെന്ന് നിർദേശമുണ്ട്. സഭയുടെ ഐക്യത്തിനായി എല്ലാവരും സിനഡ് നിർദേശം അനുസരിക്കണം. കുർബാന ഏകീകരണം സിനഡ് ആലോചിച്ചെടുത്ത തീരുമാനമാണ്. സിനഡ് തീരുമാനം പുനപരിശോധിക്കണമെന്ന വിമത വൈദികരുടെ ആവശ്യം തള്ളിയ മാർ ആലഞ്ചേരി, ഇനി ഒരു ചർച്ചയ്ക്ക് അടിസ്ഥാനമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാറ്റിവെച്ച് സിനഡ് തീരുമാനം നടപ്പാക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്യുന്നു.

ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം വൈദികർ നേരത്തെ മാർപ്പാപ്പക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല. അതിന് പിന്നാലെയാണ് സഭയിലെ ഒരു വിഭാഗം വൈദീകരും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാൽ എതിർപ്പുകളെ അവഗണിച്ച് പുതുക്കിയ കുർബാന രീതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സഭാ നേതൃത്വത്തിൻ്റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *