മഞ്ഞും മലകളും ട്രക്കിങ്ങുമൊക്കെയായി അവിസ്മരണീയ അനുഭവം സമ്മാനിക്കും റാണിപുരം

അവധിക്കാലം ആഘോഷമാക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് കാസര്‍കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം.മഞ്ഞും മലകളും ട്രക്കിങ്ങുമൊക്കെയായി അവിസ്മരണീയ അനുഭവം സമ്മാനിക്കും ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം മലനിരകള്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ്. ഒരിക്കല്‍ മാടത്തുമല എന്നറിയപ്പെട്ടിരുന്ന റാണിപുരം, ട്രക്കിംഗ് പ്രേമികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും പറുദീസയാണ്.

കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കോട്ടഞ്ചേരി-തലകാവേരി മലനിരകളിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാവേരി നദി ഉത്ഭവിക്കുന്ന തലക്കാവേരി പര്‍വതനിരകളുടെ കാഴ്ചകള്‍ തരുന്ന നിരവധി ട്രക്കിംഗ് പാതകളും റാണിപുരത്തുണ്ട്. ഇടതൂര്‍ന്ന വനത്തിലൂടെയുള്ള നടത്തം ഒരാള്‍ക്ക് കടന്നുപോകാവുന്ന ഏറ്റവും മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്. മരങ്ങള്‍, പക്ഷികളുടെ കരച്ചില്‍, കല്ലിട്ട വഴികള്‍ എന്നിവ ഗംഭീരമാണ്. കാടിന് ചുറ്റുമുള്ള സമ്ബന്നമായ സസ്യജന്തുജാലങ്ങള്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഒരു മണിക്കൂറോളം നടന്നാല്‍ ഊട്ടിയോട് സാമ്യമുള്ള മലമുകളില്‍ എത്താം. സമ്ബന്നമായ ഭൂപ്രകൃതിയും താഴെ ഏക്കര്‍ കണക്കിന് ഹരിതമാര്‍ന്ന താഴ്‌വരയും മനോഹരമായ കാഴ്ചയാണ്. 139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖലയാണ് റാണിപുരം. വനംവകുപ്പിന് കീഴില്‍ റാണിപുരം വനസംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല. പനത്തടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരത്തേക്ക് ഇപ്പോള്‍ ഗതാഗത സംവിധാനങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്.

കുടക്, കുശാല്‍നഗര്‍, മൈസൂര്‍ എന്നിവയാണ് അടുത്തുള്ള കര്‍ണാടകയിലെ പ്രദേശങ്ങള്‍. വര്‍ഷത്തില്‍ ഏത് സമയത്തും റാണിപുരം സന്ദര്‍ശിക്കാം. എന്നിരുന്നാലും മഴക്കാലത്ത് കനത്ത മഴ ലഭിക്കുന്ന പ്രദേശം കൂടിയാണിത്. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് റാണിപുരം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 107 കിലോമീറ്റര്‍ ദൂരമുണ്ട്. പൊതു – സ്വകാര്യ യാത്രാ മാര്‍ഗങ്ങളും ലഭ്യമാണ്. വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടേജുകള്‍ ഒരുക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *