ഖത്തർ ലോകകപ്പ് :നിർണായക അങ്കത്തിന് ലയണൽ മെസ്സിയും സംഘവും ഇന്നിറങ്ങുന്നു

2022 ലോകകപ്പിലെ നിർണായക അങ്കത്തിന് ലയണൽ മെസ്സിയും സംഘവും ഇന്നിറങ്ങുന്നു. താരതമ്യേനെ ദുർബലരായ സൗദി അറേബ്യയോടാണ് ആദ്യ മത്സരത്തിൽ തോറ്റതെങ്കിൽ കരുത്തരായ മെക്‌സിക്കോയെയാണ് ഇന്ന് നേരിടാനുള്ളത്. ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ് മത്സരം.

ജീവന്മരണ പോരാട്ടം എന്നുതന്നെ വേണമെങ്കിൽ പറയാം. ജയത്തിൽ കുറഞ്ഞതൊന്നും നീലപ്പട ലക്ഷ്യമാക്കുന്നില്ല. ജയിച്ചാൽ പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താം. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്‌സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.

ആരാധകരെ മാത്രമല്ല, ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകരെ മുഴുവൻ ഞെട്ടിപ്പിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യ നിലവിൽ ലോകത്തെ ഏറ്റവും കരുത്തരടങ്ങുന്ന അർജന്റീന സംഘത്തെ തോൽപിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദി വിജയം. സാലിഹ് അൽഷഹരിയുടെയും സാലിം അദ്ദൗസരിയുടെയും മികച്ച ഗോളുകളും ഗോൾകീപ്പർ മുഹമ്മദ് ഉവൈസിന്റെ ഹീറോയിസവുമാണ് സൗദിയെ വിജയത്തിലേക്ക് നയിച്ചതെങ്കിൽ, ഫ്രീകിക്കിൽ മെസ്സി നേടിയ ഗോൾ മാത്രമായിരുന്നു അർജന്റീനയ്ക്ക് ആശ്വസിക്കാൻ ബാക്കിയാക്കിയത്.

സൗദിയോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവി അടഞ്ഞ അധ്യായമാണെന്നും മെക്‌സിക്കോക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മുന്നേറ്റ നിരക്കാരൻ ലൗത്താരോ മാർട്ടിനസ് ദോഹയിൽ പറഞ്ഞത്. സമ്മർദമില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീമെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *