ഗുജറാത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ഗുജറാത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദ്വാരകയിൽ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിർമിക്കുമെന്നും സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നാണ് മറ്റൊരു വാ​ഗ്ദാനം.

പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ നിർദേശങ്ങൾ മുഴുവൻ നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ​ഗാന്ധിന​ഗറിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസായ ശ്രീകമലത്തിലായിരുന്നു ചടങ്ങ്.

ദ്വാരകയിൽ വികസനം കൊണ്ടുവരുമെന്നും തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ നിയന്ത്രിക്കാൻ ആന്‍റി റാഡിക്കലൈസേഷൻ സെൽ രൂപീകരിക്കുമെന്നും പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യമായി സ്കൂട്ടർ, പ്രായമായ സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 20000 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 10000 കോടി ചെലവാക്കും. തൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും വാ​ഗ്ദാനം ചെയ്യുന്നു. 

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായിട്ടാണ് തെര‍ഞ്ഞെടുപ്പ്. എട്ടിന് ഫലം അറിയും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവരാണ് പ്രധാനമായി മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ പ്രധാന നേതാക്കള്‍ ഗുജറാത്തില്‍ പ്രചാരണം സജീവമാക്കി. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും സംസ്ഥാനത്ത് സജീവമാണ്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍, ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസും ആം ആദ്മിയും രംഗത്തിറങ്ങുന്നത്. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *