ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ ആറി ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അരുണാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.
മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി മൊത്തം 269 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, ചാലക്കുടി, തൃശൂര്‍, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഇതിനകം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇടത്-വലത് മുന്നണികളും ബി ജെ പിയും കടുത്ത പോരാട്ടം കാഴ്ച വയ്ക്കുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി എല്‍ കെ അദ്വാനി തന്നെ പ്രചരണത്തിനെത്തിയിരുന്നു. കാസര്‍ഗോഡ് മണ്ഡലത്തിലും ത്രികോണ മത്സരമാണ്. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡയാണ് കെ സുരേന്ദ്രന് വേണ്ടി പ്രചരണത്തിനെത്തിയത്.
ഇടതുമുന്നണി വിട്ട ആര്‍ എസ് പിയിലെ എന്‍ കെ പ്രേമചന്ദ്രന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൊല്ലം ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗം കൊല്ലത്തെ മത്സരത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നു.
എറണാകുളത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ് പെയ്ഡ് സ്ഥാനാര്‍ത്ഥിയാണെന്ന എതിരാളികളുടെ ആരോപണമാണ് ഈ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ചാലക്കുടിയില്‍ എല്‍ ഡി എഫിന് വേണ്ടി മത്സരിക്കുന്ന ചലച്ചിത്രനടന്‍ ഇന്നസന്റിന് വേണ്ടി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, സിദ്ധീഖ്, കെ പി എ സി ലളിത തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യമാണ് ശ്രദ്ധയാകര്‍ഷിച്ചത്.
തൃശൂരില്‍ പി സി ചാക്കോ കെ പി ധനപാലന് മണ്ഡലം വെച്ചുമാറിയത് വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ടാമൂഴത്തിനായി പോരാട്ടത്തിനിറങ്ങുമ്പോള്‍ ടി പി വധക്കേസ് പ്രചരണായുധമാവുകയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ടി പി വധക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം പ്രചരണകാലത്ത് ഉയരുകയും ചെയ്തു.
സംസ്ഥാനത്ത് മൊത്തം 21424 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 55 കമ്പനി കേന്ദ്ര സേനയും സംസ്ഥാന പൊലീസിനൊപ്പം സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
