കോഴിക്കോട്: രാഷ്ട്രീയ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച അമ്പത്തിയൊന്ന് വെട്ടുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ അഭ്രപാളികളിലേക്ക് പകരുകയാണ് ടി പി 51 എന്ന ചലചിത്രം. ഭീഷണികള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ടി പി യുടെ ജീവിതവും മരണവും പ്രമേയമാകുന്ന ടി പി 51 ന്റെ ചിത്രീകരണത്തിന് ഒഞ്ചിയത്ത് തുടക്കമായി. ഒഞ്ചിയത്തെ ടി പി യുടെ വസതിയ്ക്ക് മുന്നില്‍ ടി പി യുടെ ഭാര്യാപിതാവും സി പി എം മുന്‍ ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുമായ കെ മാധവനായിരുന്നു സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചിരുന്നത്. ടി പി വധക്കേസിന്റെ വിധി വന്നശേഷം മാത്രമെ സിനിമയുടെ ചിത്രീകരണം നടത്താന്‍ കാത്തിരിക്കുകയായിരുന്നു സംവിധായകനായ മൊയ്തു താഴത്ത്. സൂറാസ് വിഷ്വല്‍ മീഡിയയുടെ ബാനറിലാണ് സിനിമ പുറത്തിറക്കുന്നത്. ഇടതുപക്ഷ സഹയാത്രികനും നേരത്തെ പട്ടുറുമാല്‍ സംവിധായകനായിരുന്നു മൊയ്തു താഴത്താണ് സിനിമയുടെ സംവിധായകന്‍. ജലീല്‍ ബാദുഷയാണ് ക്യാമറ നിര്‍വഹിക്കുന്നത്.ടി പി ചന്ദ്രശേഖരന്റെ വധക്കേസും ജീവിതവുമായി ബന്ധപ്പെട്ട സിനിമയായതിനാല്‍ മലയാളത്തിലെ പ്രമുഖതാരങ്ങളും ടെക്‌നീഷ്യന്‍മാരും പിന്‍മാറിയിരുന്നു.
മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അഭിനയിക്കുന്നു. ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാമുക്കോയ, രമേശ് വടകര, രാഹുല്‍ മാധവ്,ദേവി അജിത്ത്, വത്സവ മേനോന്‍, ശ്രുതി, അനുപമ തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൂറാസ് വിഷ്വല്‍ മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനങ്ങള്‍ രമേശ് കാവിലും സംഗീതം ഗസലും നിര്‍വഹിക്കുന്നു. സംവിധായകന്‍ മൊയ്തു താഴത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്.കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ ചലനങ്ങള്‍ക്ക് തുടക്കമാകുമെന്ന് കരുതുന്ന സിനിമ അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി ആസ്വാദകര്‍ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് മൊയ്തു താഴത്ത്. ടി പി ചന്ദ്രശേഖരന് 51 വെട്ടുകള്‍ ഏറ്റിട്ടുണ്ടെങ്കില്‍ സിനിമയ്ക്ക് 162 വെട്ടുകളാണേറ്റതെന്ന് സംവിധായകന്‍ മൊയ്തൂ താഴത്ത് പറയുന്നു. രാഷ്ട്രീയ ഫാസിസത്തിനെതിരായ സന്ദേശം നല്‍കുന്ന സിനിമയില്‍ ടി പി യുടെ ജീവിതവും കൊലപാതകവും ഗൂഢാലോചനയെല്ലാം വിഷയമാക്കുമെന്നും വെല്ലുവിളികളെ അതിജീവിച്ച് ചിത്രീകരണം പൂര്‍ത്തീകരിക്കുമെന്നും സംവിധായകന്‍ മൊയ്തു താഴത്ത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ നട്ടെല്ലില്ലാത്ത, കലാപത്തിനെതിരെ പ്രതികരിക്കുന്ന മനസിനെ ചുരുട്ടികെട്ടുന്ന മനോഭാവമുള്ള കുറേ അഭിനേതാക്കളെയാണ് തിരക്കഥയുമായി സമീപിച്ചപ്പോള്‍ ആദ്യം പരിചയപ്പെട്ടതെന്ന് സംവിധായകന്‍ മൊയ്തു താഴത്ത്. നിരവധി സിനിമാതാരങ്ങള്‍ ടി പിയുടെ ഭാഗം അഭിനയിക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.അതിനുശേഷമായിരുന്നു മരക്കച്ചവടക്കാരനായ ടി പി യുടെ സാദൃശ്യമുള്ള വടകര സ്വദേശിയായ രമേശനെ സംവിധായകരും അണിയറ പ്രവര്‍ത്തകരും കണ്ടെത്തുന്നത്. വടകര പാക്കയില്‍ സ്വദേശിയാണ് ടി കെ രമേശന്‍. ടി പി യോടു ഏറെ സാദൃശ്യമുള്ള രമേശനെ സിനിമയില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തതോടെ രമേശനെയും നിരവധി പേരുടെ ഭീഷണിയുണ്ടായിരുന്നു. നായകനായി അഭിനയിക്കുന്ന രമേശന് മാത്രമല്ല കൂടൂംബത്തിനും ഇത്തരത്തിലുള്ള ഭീഷണകളുണ്ടായി.ടി പി യുടെ വിധി വരുന്നതിനു മുന്‍പേയുള്ള ഭീഷണി ഫോണ്‍ കോളുകള്‍ ഗൗരവത്തിലെടുക്കണമെന്ന നിര്‍ദ്ദേശങ്ങളെ തുടര്‍ന്നായിരുന്നു പരാതി നല്‍കിയിരുന്നത്. രമേശന് മതിയായ സുരക്ഷാ നടപടികളും വിധി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏര്‍പ്പെടുത്തിയിരുന്നു. നായകനായ രമേശന് ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും അവയെ സാരമായി കള്ളിക്കളയുകയാണ്. ഭീഷണികളെ ഭയമില്ല. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നാണ് നായകനായ രമേശന്‍ പറയുന്നത്.
ഒഞ്ചിയം, വള്ളിക്കാട് ,ചോമ്പാല, മടപ്പള്ളി ക്യാമ്പസ്, ചോമ്പാല ഹാര്‍ബര്‍, ടി പി വധിക്കപ്പെട്ട സ്ഥലം തുടങ്ങി ടി പി യുടെ വഴിത്താരകളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ടി പിയുടെ തറവാട്ടില്‍ നിന്നുമാണ് സിനിമയ്ക്ക് തുടക്കമാകുന്നത്. ടി പിയുടെ വഴിത്താരകള്‍, ഒഞ്ചിയത്തിന്റെ ദൃശ്യവും സിനിമയിലൂടെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനാണ് മൊയ്തു താഴത്ത് ലക്ഷ്യമിടുന്നത്. മൂന്നു കാലഘട്ടത്തെയാണ് ടി പി അമ്പത്തിയൊന്ന് സിനിമയില്‍ ചിത്രീകരിക്കുന്നത്. ടി പി യുടെ കുട്ടിക്കാലവും കോളെജ് കാലഘട്ടവുമെല്ലാം സിനിമയില്‍ ചിത്രീകരിക്കും. കഴിഞ്ഞ ഓണക്കാലത്ത് ചിത്രീകരണം നടത്താനിരുന്ന സിനിമ സി പി എം ഭീഷണി കാരണം നീണ്ടുപോകുകയായിരുന്നു. ടി പിയുടെ കഥാപാത്രം അഭിനയിക്കാനുള്ള നട്ടെല്ല് മറ്റു നടന്മാര്‍ പോലും കാണിച്ചില്ലെന്നായിരുന്നു മൊയ്തു താഴത്തിന്റെ പരാതി. മനുഷ്യഹത്യക്കെതിരെ നിര്‍മ്മിക്കുന്ന സിനിമ ജനങ്ങളിലേക്ക് എത്തിക്കാന്‍ സംവിധായകന്റെ താല്‍പര്യത്തോടൊപ്പമാണ് താനും നില്‍ക്കുന്നുവെന്നും രമേശന്‍ പറഞ്ഞു.
FLASHNEWS