ചിന്നക്കനാലില്‍ വീണ്ടും റവന്യൂ ഭൂമിയില്‍ നിന്ന് മരംമുറിക്കല്‍

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും റവന്യൂ ഭൂമിയില്‍ നിന്ന് മരംമുറിക്കല്‍. ചിന്നക്കനാലിലെ എട്ടേക്കര്‍ റവന്യൂ ഭൂമിയില്‍ നിന്ന് മുറിച്ചുകടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന തടികള്‍ വനംവകുപ്പ് പിടികൂടി. സ്വകാര്യ വ്യക്തികളുടെ പട്ടയത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് റവന്യൂ ഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിക്കടത്താന്‍ ശ്രമിച്ചത്. 250 ലധികം വരുന്ന ഗ്രാന്‍ഡിസ് മരങ്ങളാണ് വെട്ടിക്കടത്തിയത്.

മുറിച്ചുകടത്താന്‍ ശ്രമിച്ച മരങ്ങള്‍ ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍വെച്ച് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് റവന്യൂ ഭൂമിയില്‍ നിന്ന് കടത്തിയ മരങ്ങളാണെന്ന് കണ്ടെത്തിയത്. വനംവകുപ്പും റവന്യൂ വകുപ്പും സംയുക്തമായാണ് കേസെടുത്തിരിക്കുന്നത്. മുറിച്ചുമാറ്റിയ മരങ്ങളും കടത്താന്‍ ഉപയോഗിച്ച ലോറിയും ദേവികുളം ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി.

നേരത്തെ ചിന്നക്കനാലില്‍ മരംമുറിക്കാന്‍ അനുമതിയുണ്ടെന്ന വ്യാജേന 142 മരങ്ങള്‍ റവന്യൂ- വനഭൂമികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയിരുന്നു. പട്ടയ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. സംഭവത്തില്‍ റവന്യൂ വകുപ്പ് ഇടപെട്ടത്തോടെയാണ് വിവരം പുറത്തായത്. തൃശൂര്‍ സ്വദേശി ബ്രിജോ ആന്റോയുടെ പട്ടയ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ-വന ഭൂമികളില്‍ നിന്നാണ് മരംമുറിച്ചത് എന്ന് വ്യക്തമായി. തുടര്‍ന്ന് വനം വകുപ്പും കേസ് എടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *