നാര്‍കോട്ടിക് ജിഹാദ്; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ഹുസൈന്‍ മടവൂര്‍

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് നദ്‌വത്തുല്‍ മുജാഹിദീന്‍ നേതാവ് ഹുസൈന്‍ മടവൂര്‍. ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതയാണ്. എന്നാല്‍ വിഷയം പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശവും വിവാദവും നിര്‍ഭാഗ്യകരമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന.

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രമാണ്. ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ബിഷപ്പിന്റെ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകളും ഉന്നയിച്ചത്. പരാമര്‍ശം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതാണ്. മത സൗഹാര്‍ദം പുലര്‍ത്തണം. ഇനി ആരുടെ ഭാഗത്ത് നിന്നും ഇത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല. മത നേതാക്കള്‍ അപക്വ പരാമര്‍ശം നടത്താന്‍ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കാതെ ശക്തം ഇടപെടല്‍ നടത്തണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചാല്‍ സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന വിഷയം മാത്രമാണ് സംഘടന ചര്‍ച്ച ചെയ്തത്. എല്ലാ സംഘടനാ പ്രതിനിധികളെയും ഇതേ ആവശ്യം തന്നെയാണ് ഉന്നയിച്ചതെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എ.പി, ഇ.കെ സമസ്ത, കെ.എന്‍.എം, ജമാഅത്ത് ഇസ്ലാമി, എം.ഇ.എസ് അടക്കമുള്ള ഒന്‍പത് മുസ്ലിം സംഘടനകളാണ് ഇന്നലെ കോഴിക്കോട് യോഗം ചേര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *