ഉലകനായകന്‍ കമലഹസന്‍ നായകനാകുന്ന ഉത്തമ വില്ലന്‍ എന്ന പുതിയ ചിത്രത്തില്‍ രണ്ടു നായികമാര്‍. വിശ്വരൂപം എന്ന സിനിമയില്‍ കമലിനൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ നടിമാരായ ആന്‍ഡ്രിയ ജര്‍മിയ, പൂജ കുമാര്‍ എന്നിവരാണ് രാജേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലനില്‍ കമലിന്റെ നായികമാരാകുന്നത്.
കാജല്‍ അഗര്‍വാള്‍, തൃഷ, തമന്ന എന്നിവരാണ് നായികമാരാകുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഡേറ്റു പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരൊക്കെ പിന്മാറിയെന്നാണ് കേള്‍ക്കുന്നത്. മരിയാന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പാര്‍വതി മേനോനും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മാര്‍ച്ച് മൂന്നിന് ബാംഗ്ലൂരില്‍ ചിത്രത്തിന്റെ പൂജ നടക്കും. മൂന്നു മാസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂണില്‍ കമലഹാസന്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ ഡേറ്റു നല്‍കിയിട്ടുണ്ട്. സിമ്രാനാണ് കമലിന്റെ നായികയാവുന്നത്.