മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ വേണമെന്ന് കെ.യു.ഡബ്ല്യു.ജെ

കോഴിക്കോട്: രാജ്യത്ത് കേസിൽ കുടുങ്ങുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം അനുദിനം കൂടിവരികയാണെന്നും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ ഉയർത്തണമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന അധ്യക്ഷൻ കെ.പി റെജി. ഭരണകൂടങ്ങൾ ആസൂത്രിതമായി കേസിൽ കുടുക്കുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം നാൾക്കുനാൾ ഉയരുകയാണ്. അപ്രിയ സത്യങ്ങൾ പുറത്തുവിടുന്നതോ അഹിതകരമായ പരാമർശങ്ങൾ നടത്തുന്നതോ ഒക്കെ മാധ്യമപ്രവർത്തകർ ചെയ്യുന്ന മഹാപാതകങ്ങളായി മാറുന്നുവെന്നും കെ.പി റെജി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേസിൽ കുടുങ്ങുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം അനുദിനം കൂടിവരികയാണു നമ്മുടെ രാജ്യത്ത്​. കേസിൽ കുടുങ്ങുന്ന എന്ന പ്രയോഗം തന്നെ എന്‍റെ പിഴ. ഭരണകൂടങ്ങൾ ആസൂത്രിതമായി കേസിൽ കുടുക്കുന്ന മാധ്യമ പ്രവർത്തകർ നാൾക്കുനാൾ വർധിച്ചുവരുന്നു എന്നു തന്നെ പറയണം. അപ്രിയകരമായ സത്യങ്ങൾ പുറത്തുവിടുന്നതോ അഹിതകരമായ പരാമർശങ്ങൾ നടത്തുന്നതോ ഒക്കെ ആണ്​ അവർ ചെയ്യുന്ന മഹാപാതകങ്ങൾ. രാജ്യ​ദ്രോഹം, കലാപാഹ്വാനം തുടങ്ങിയ ചെറിയ കുറ്റങ്ങളാണു മഹാപാതകങ്ങൾക്കു മേൽ ചുമത്തുന്നത്​ എന്നതു മാത്രമാണ്​ ആശ്വാസം!

ബി.ജെ.പി മുൻ വക്താ​വ് നൂപുർ ശർമയു​ടെ പ്രവാ​ച​ക നിന്ദ പുറത്തു​ കൊ​ണ്ടു​വ​ന്ന​തിന് പ്രതികാര നടപടിക്കി​രയായ ആൾ​ട്ട്​ ന്യൂ​സ് സഹസ്ഥാ​പകൻ മുഹ​മ്മ​ദ് സുബൈ​റിന് യു.പി പൊ​ലീ​സ് രജിസ്റ്റ​ർ ചെ​യ്ത എ​ല്ലാ കേ​സിലും സു​പ്രീം​കോ​ടതി ഇടക്കാ​ല ജാമ്യം അനുവദി​ച്ച വാർത്ത പുറത്തുവരുമ്പോൾ തന്നെയാണ്​ രാജ്യത്തെ ഏറ്റവും പ്രബുദ്ധ ജനതയെന്നു സ്വയം ഊറ്റംകൊള്ളുന്ന മലയാളികളുടെ നാട്ടിൽ പ്രമുഖ മാധ്യമ പ്രവർത്തകനെ പൊലീസ്​ കേസിൽ കുടുക്കിയ വാർത്ത പുറത്തുവരുന്നത്​. വാർത്താചർച്ചക്കിടെ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ്​ ഏഷ്യാനെറ്റ്​ ന്യൂസിന്‍റെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി. ജോണിനെ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്​.

ജനാധിപത്യത്തിൽ മാധ്യമങ്ങൾ പ്രതിപക്ഷ ശബ്​ദം ആണെന്നാണു വിഖ്യാതരായ രാഷ്ട്രീയ ചിന്തകരെല്ലാം തന്നെ പറഞ്ഞുവെച്ചിട്ടുള്ളത്​. പക്ഷേ, നമ്മുടെ രാജ്യത്ത്​ എതിർപ്പിന്‍റെ സ്വരങ്ങൾക്കെല്ലാം രാജ്യദ്രോഹത്തിന്‍റെ മുദ്രയാണ്​. അഹിതകരമായ ശബ്​ദങ്ങൾ കലാപാഹ്വാനങ്ങളായി മുദ്രകുത്തപ്പെടുന്നു. അപ്രിയകരമായ വാർത്തകൾക്കു നേരെ കലാപാഹ്വാനം നടത്തുന്നവർക്കെതിരെയാണ്​ യഥാർഥത്തിൽ പൊലീസ്​ കേസെടുക്കേണ്ടത്​. സ്വന്തം താൽപര്യങ്ങൾക്ക്​ അഹിതമായ വാർത്തകൾക്കു നേരെ ആക്രമണോത്സുകമായ ആക്രോശങ്ങൾ നടത്തുന്ന ഇവരാണ്​ യഥാർഥത്തിൽ ജനാധിപത്യ മൂല്യങ്ങളെയും ഭരണവ്യവസ്ഥയെയും അട്ടിമറിക്കാൻ ശ്രമിക്കുന്നത്​. ഇക്കൂട്ടർക്ക്​ കൊടിയുടെ നിറഭേദങ്ങൾ ഇല്ലാതാവുന്നു എന്നതാണു വർത്തമാനകാല അനുഭവങ്ങളിൽ നിന്നു വ്യക്​തമാവുന്നത്​.

വിനു വി. ജോൺ ഈ കേസ്​ പരമ്പരയിലെ അവസാന കണ്ണിയാവുമെന്ന്​ അതു കൊണ്ടുതന്നെ ഒരു നിലക്കും ​പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്​. ഒട്ടേറെ മാധ്യമപ്രവർത്തകർ മുമ്പും ഈ കണ്ണികളിൽ തളക്കപ്പെട്ടിട്ടുണ്ട്​. ഇനിയും അതിനുള്ള സാധ്യതകൾ ഏറെ ശക്​തമായി ബാക്കി നിൽക്കുന്നു. ഇത്​ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി മാത്രമല്ല. ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരും ഇതിനെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ ഉയർത്തേണ്ടതുണ്ട്​. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ പേരിൽ ഭർത്സിക്കപ്പെടുന്ന ഓരോ മാധ്യമപ്രവർത്തകനോടും ഐക്യദാർഢ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *