സിൽവർലൈൻ പദ്ധതിക്കെതിരായ വിമർശനത്തിന് മറുപടിയുമായി കെ-റെയിൽ എംഡി

സിൽവർലൈൻ പദ്ധതിക്കെതിരായ വിമർശനത്തിന് മറുപടിയുമായി കെ-റെയിൽ എംഡി. അഞ്ച് വർഷത്തിനകം കെ-റെയിൽ പദ്ധതി പൂർത്തിയാക്കുമെന്ന് വി. അജിത് കുമാർ വ്യക്തമാക്കി.

ഒരു റെയിൽവേ ലൈൻ പണിയുന്നതിന് അഞ്ചു കൊല്ലം ധാരാളമാണ്. രണ്ട് കൊല്ലത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ അഞ്ചു വർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്നാണ് അജിത് കുമാർ പറഞ്ഞത്. പദ്ധതി പൂർത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോട് രൂപയാണ്. 2025 വരെയുള്ള ചെലവു വർധനവും നികുതികളും നിർമാണ ഘട്ടത്തിലെ പലിശയും ഉൾപ്പെടെയാണ് ഈ തുക കണക്കാക്കിയിട്ടുള്ളത്.

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന റെയിൽവേ പദ്ധതിയാണ് കാസർഗോഡ് -തിരുവനന്തപുരം അർധ അതിവേഗ പാതയായ സിൽവർവൈൻ. നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദൽ മാർഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സിൽവർലൈൻ ആവിഷ്‌കരിച്ചിരിക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകളാണ് സിൽവർലൈൻ പദ്ധതിക്കുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് (ഡി.പി.ആർ)റെയിൽവേ ബോഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണെന്നും അജിത് കുമാർ അറിയിച്ചു.

2017 ഒക്ടോബർ 27ന് കേരള മുഖ്യമന്ത്രിയും റെയിൽവേ ബോഡ് ചെയർമാനും പങ്കെടുത്ത യോഗത്തിലെ തീരുമാനം അനുസരിച്ചാണ് സിൽവർ അലൈൻമെന്റ് നിലവിലെ പാതക്ക് സമാന്തരമായി നിർമിക്കാൻ തീരുമാനിച്ചത്. കാസർഗോഡ് മുതൽ തിരൂർവരെ നിലവിലുള്ള പാതയ്ക്ക സമാന്തരമായാണ് സിൽവർലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരം വരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തര പാത സാധ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ ഗ്രീൻ ഫീൽഡിൽ പുതിയ പാത ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇന്ത്യൻ റെയിൽവെയുടെ ഭാവി ഗതാഗത ആവശ്യങ്ങൾ ഒരു പരിധി വരെ നിറവേറ്റാൻ പറ്റുന്ന വിധത്തിലാണ് സിൽവർലൈൻ വിഭാവന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ, ഭാവിയിൽ പുതിയ റെയിൽവേ ലൈനുകൾ ആവശ്യമായി വരില്ല. കേന്ദ്ര റെയിൽവേ മന്ത്രാലയും സംസ്ഥാന സർക്കാരും സംയുക്തമായി തുടങ്ങിയ ഈ സംരംഭത്തിന്റെ ലക്ഷ്യവും അതുതന്നെയാണെന്നും കെ-റെയിൽ എംഡി പറയുന്നു.

കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകൾ നിർമിക്കാനുദ്ദേശിക്കുന്നില്ല. റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ അഞ്ഞൂറു മീറ്ററിലും റോഡ് മുറിച്ചു കടക്കാനുള്ള സംവിധാനങ്ങളുമുണ്ടാകുമെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *