അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ തിളക്കം

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക്് ഉജ്ജ്വല വിജയം.
ചരിത്രത്തിലാദ്യമായി 11 ഇന്ത്യന്‍ വംശജരാണ് ജയിച്ചുകയറിയത്.അതില്‍ 4 പേര്‍ മലയാളികളുമാണ്. ജയിച്ചവരില്‍ മുസ്‌ളീം വനിതയും ഉള്‍പ്പെടും.

മിസോറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജ്, 240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്‌ട് കോര്‍ട്ട് ജഡ്ജി ആയി സുരേന്ദ്രന്‍ കെ പട്ടേല്‍, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി മൂന്നാം നമ്ബര്‍ കോര്‍ട്ട് ജഡ്ജിയായി ജൂലി മാത്യു എന്നിവരാണ് വിജയിച്ച മലയാളികള്‍.് റോബിന്‍ ഇലക്കാട്ട്, കെ.പി. ജോര്‍ജ്, ജൂലി മാത്യു എന്നിവര്‍ രണ്ടാം തവണയും മല്‍സരിച്ചു വിജയം സ്വന്തമാക്കുകയായിരുന്നു.

ഇല്ലിനോയി ജനറല്‍ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകുന്നു 23 വയസ് മാത്രം പ്രായമുള്ള മുസ്‌ലിം സ്ഥാനാര്‍ഥി നബീല സായിദ് അട്ടിമറി വിജയമാണ് നേടിയത്.

ഇന്ത്യന്‍ – അമേരിക്കന്‍ വോട്ടര്‍മാര്‍ യുഎസിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു വിഭാഗമാണെന്നു വ്യ്ക്തമാക്കുന്നതാണ് ജനവിധി.

ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളില്‍ ഒന്നായ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി മൂന്നാം നമ്ബര്‍ കോര്‍ട്ട് ജഡ്ജി ജൂലി മാത്യുവും രണ്ടാം തവണയാണ് വിജയം സ്വന്തമാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഏറെയുള്ള ഫോട്‌ബെന്‍ഡ് കൗണ്ടിയില്‍ ഡെമോക്രാറ്റിക് ടിക്കറ്റിലാണ് ജയം . 15 വര്‍ഷത്തെ നിയമ പരിജ്ഞാനവും നാലുവര്‍ഷം ജഡ്ജായി ഇരുന്ന അനുഭവ സമ്ബത്തുമായിട്ടാണ് ഇത്തവണ ജൂലി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്

പത്താം വയസില്‍ ഫിലഡല്‍ഫിയയില്‍ എത്തിയ ജൂലി സ്‌കൂള്‍ വിദ്യാഭ്യാസം അവിടെ പൂര്‍ത്തിയാക്കി. പെന്‍സില്‍വാനിയ സ്‌റ്റേറ്റില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. പ്രാക്ടീസ് ആരംഭിച്ചു. 2002ല്‍ ഹൂസ്റ്റനില്‍ എത്തി ടെക്‌സസ് ലോ ലൈസന്‍സ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018ല്‍ തിരഞ്ഞെടുപ്പിലൂടെ 58 ശതമാനം വോട്ടു നേടി ടെക്‌സസിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജായി. ഫോട്‌ബെന്‍ഡ് കൗണ്ടിയിലെ എല്ലാവിധ കേസുകളും കൈകാര്യം ചെയ്യുന്ന കൗണ്ടി കോര്‍ട്ട് 3 ലെ ജഡ്ജിയാണ് ജൂലി മാത്യു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായാണു പത്തനംതിട്ട സ്വദേശിയായ കെ.പി. ജോര്‍ജിന്റെ വിജയം. പത്തനംതിട്ടയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അമേരിക്കയില്‍ എത്തി മൂന്നു പതിറ്റാണ്ട് പിന്നിട്ടു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം ജനങ്ങള്‍ക്കു പ്രിയപ്പെട്ടവനായി.

240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്‌ട് കോര്‍ട്ട് ജഡ്ജി ആയാണ് മലയാളിയായ സുരേന്ദ്രന്‍ കെ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലേബലില്‍ ആയിരുന്നു മല്‍സരം. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് സുരേന്ദ്രന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സിവില്‍, ക്രിമിനല്‍, ലേബര്‍, ഇന്‍ഡ്രസ്ട്രിയല്‍ ലോ എന്നീ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയാണ്. കേരളത്തില്‍ ജനിച്ച സുരേന്ദ്രന്‍ 1996 മുതല്‍ കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ ആണ് ഭാര്യയോടൊപ്പം അമേരിക്കയില്‍ എത്തുന്നത്. റജിസ്‌റ്റേഡ് നഴ്‌സായ ഭാര്യയ്ക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ലഭിച്ചു. പിന്നീട, അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ആകൃഷ്ടനായ സുരേന്ദ്രന്‍ 2009ല്‍ ബാര്‍ എക്‌സാം പാസായി. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്നും എല്‍എല്‍എം ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ തവണ ഫാമിലി കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സുരേന്ദ്രന്‍ പട്ടേല്‍ റണ്‍ ഓഫില്‍ എത്തിയിരുന്നു.

മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് രണ്ടാം വട്ടവും മല്‍സരത്തിനു ഇറങ്ങിയാണ് മലയാളിയായ റോബിന്‍ ഇലക്കാട്ട് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളര്‍ത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യന്‍ വംശജരുടെ അഭിമാനയായി മാറിയ ആളാണു റോബി. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തിലാണ് റോബിന്‍ ജനിച്ചത്.

നാല്‍പതു വര്‍ഷമായി യുഎസിലെത്തിയിട്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യമേഖലയിലായിരുന്നു ജോലി. 2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ കൗണ്‍സില്‍ മെമ്ബറായി. 2011 ലും 2013 ലും എതിരില്ലാതെ കൗണ്‍സില്‍ സ്ഥാനാര്‍ഥിയായി ജയിച്ചു. 2020 ലാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ മിസോറി മേയറായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *