28 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിരുന്നെത്തുന്ന ലോക സൗന്ദര്യ മത്സത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. മിസ് വേള്‍ഡിന് ഇന്ത്യയിലെ നഗരങ്ങളായ ന്യൂഡല്‍ഹിയിലും മുംബൈയിലുമാണ് അരങ്ങൊരുക.നീലരത്‌നങ്ങള്‍ പതിപ്പിച്ച ആ ലോകസൗന്ദര്യ കിരീടം ആരായിരിക്കും ഇത്തവണ അണിയുകഎന്നാ ആകാംക്ഷയിലാണ് ലോകം .മിസ് വേള്‍ഡ് മത്സരത്തിന്റെ ചെയര്‍മാന്‍ ജൂലിയ മോര്‍ലെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
‘ആവേശം നിറഞ്ഞുനില്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍ അഭിമാനത്തോടെ ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഇത്തവണ മിസ് വേള്‍ഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും. സൗന്ദര്യത്തിന്റേയും വൈവിധ്യത്തിന്റേയും ശാക്തീകരണത്തിന്റേയും ആഘോഷങ്ങള്‍ ഇതാ നിങ്ങളെ കാത്തിരിക്കുന്നു. മനോഹരമായ യാത്രക്കായി തയ്യാറെടുത്തോളൂ’-മിസ് വേള്‍ഡ് ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസ് വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക.
മാര്‍ച്ച് ഒമ്പതിന് രാത്രി 7.30ന് തുടങ്ങുന്ന മത്സരം 10.30-ഓടെ അവസാനിക്കും. കഴിഞ്ഞ തവണ പോളണ്ടില്‍ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്‌സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പര്‍പസ് ചലഞ്ച് ഫെബ്രുവരി 21-ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലായിരിക്കും നടക്കുക. വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ്, മിസ് വേള്‍ഡ് ടോപ് മോഡല്‍, മിസ് വേള്‍ഡ് സ്‌പോര്‍ട്‌സ് ചലഞ്ച് തുടങ്ങിയ മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമായും നടക്കും. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
1996-ല്‍ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ നിന്നുള്ള ഐറിന്‍ സ്‌ക്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കര്‍ണാടകയിലെ ഉടുപ്പിയില്‍ നിന്നുള്ള സിനി ഷെട്ടിയാണ്. മുന്‍ മിസ് കര്‍ണാടക കൂടിയായ അവര്‍ ഭരതനാട്യം നര്‍ത്തകി കൂടിയാണ്. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 112 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളോടാകും സിനി ഷെട്ടി മത്സരിക്കുക. റെയ്ത ഫാരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്താ മുഖി, പ്രിയങ്ക ചോപ്ര, മാനുഷി ഛില്ലര്‍ എന്നിവരാണ് ഇതിന് മുമ്പ് ലോക സൗന്ദര്യ കിരീടം ഇന്ത്യയിലെത്തിച്ചത്