
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയതായി പരാതി. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് കണ്ണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടില്ല.കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തിൽ ഏറ്റവുമധികം വികൃതമാക്കിയത്. ടൂറിസ്റ്റ് കേന്ദ്രമായതിനാൽ സ്ഥിരം പൊലിസ് എയ്ഡ് പോസ്റ്റുള്ള സ്ഥലങ്ങളിലൊന്നാണ് പയ്യാമ്പലം.

