കൊളംബിയ: ലോകസാഹിത്യത്തിന്റെ കുലപതി ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് അന്തരിച്ചു. മാജിക്കല്‍ റിയലിസത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വായനക്കാരെ വിഭ്രമാത്മക ലോകത്തിലേക്കുയര്‍ത്തിയ മാര്‍ക്വേസ് എണ്‍പത്തി ഏഴാം വയസിലാണ് ലോകത്തോട് വിടപറയുന്നത്. ലാറ്റിനമേരിക്കല്‍ സാഹിത്യത്തിന്റെ നെറുകയില്‍ നിലയുറപ്പിച്ച മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന് നോവലിന് 1982ല്‍ നോബല്‍ സമ്മാനം ലഭിച്ചു.
കോളറാക്കാലത്തെ പ്രണയം എന്ന നോവലിനും ലോകത്തെ ഒട്ടുമിക്ക ഭാഷകളിലും വിവര്‍ത്തനങ്ങളുണ്ടാവുകയും കോടിക്കണക്കിന് പതിപ്പുകള്‍ വിറ്റുപോവുകയും ചെയ്തു. ഭാഷകള്‍ക്കും അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അതീതമായി എല്ലാവരും മാര്‍ക്വേസിനെ സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ രചനകള്‍ വായിച്ചാസ്വദിക്കുകയും ചെയ്തു. ഏറെക്കാലമായി മരവിരോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം. 2012ലാണ് ആത്മകഥയായ ലിവിംഗ് ടു ടെല്‍ എ ടെയ്ല്‍ പുറത്തിറങ്ങിയത്.
മാര്‍ക്വേസിനോടുള്ള ആരാധനയും അദ്ദേഹത്തിന്റെ പുസ്തകങ്ങളോടുള്ള ഭ്രാന്തമായ സ്‌നേഹവും മൂത്ത് കേരളത്തില്‍ നിന്നടക്കമുള്ള ആളുകള്‍ ലാറ്റിനമേരിക്കയിലേക്ക്, മാര്‍ക്വേസിന്റെ കഥാഭൂമിക കാണാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ലോകസാഹിത്യമെന്നാല്‍ മാര്‍ക്വേസ് എന്ന് മാത്രം പറയുന്ന ഒരു കാലം വരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് കഴിഞ്ഞു. ഭാര്യ മെര്‍സിഡസ് ബര്‍ക്ക. മക്കള്‍: റോഡ്രിഗോ, ഗോണ്‍സാലോ.
