ബിച്ചു തിരുമലയ്ക്ക് വിട

പാട്ടിൽ ഏറെ വൈവിധ്യങ്ങൾ സൃഷ്ടിച്ച ഗാനരചയിതാവായിരുന്നു ബിച്ചു തിരുമല. മനോഹരമായ ഭാവഗാനങ്ങൾ എഴുതുമ്പോൾത്തന്നെ തട്ടുപൊളിപ്പൻ ഗാനങ്ങളും എഴുതാൻ ഒട്ടും മടിച്ചില്ല ബിച്ചു. അഞ്ച് പതീറ്റാണ്ടുനീണ്ട ഗാനരചനയിൽ ഇതിഹാസതുല്യരായ ഒട്ടേറെ സംഗീത സംവിധായകർക്കൊപ്പം നിരവധി നിത്യഹരിത ഗാനങ്ങൾ ബിച്ചു തിരുമല എഴുതി.

ഭാവനയിലെ അഴക്. വരികളിലെ വൈവിധ്യം. പാട്ടാസ്വാദകരുടെ മനസിൽ വ്യത്യസ്ത വികാരങ്ങളുടെ മാരിവില്ല് വിരിയിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. എല്ലാ മാനുഷിക വികാരങ്ങളെയും ഉൾക്കൊള്ളുന്ന വരികൾ. വരികൾക്കുള്ളിൽ തന്നെ താളം. അതായിരുന്നു ബിച്ചു തിരുമലയുടെ പാട്ടുകൾ.

സി.ജെ.ഭാസ്‌കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമല ജനിച്ചത്. 1972ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരചയിതാവായി അരങ്ങേറി. തുടർന്ന് ശ്യാം, ജി.ദേവരാജൻ, എ.ടി.ഉമ്മർ, ദക്ഷിണാമൂർത്തി, ജെറി അമൽദേവ്, രവീന്ദ്രൻ, ഇളയരാജ തുടങ്ങി വ്യത്യസ്ത സംഗീത സംവിധായകരുമായി ചേർന്ന് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.

മൂവായിരത്തിലധികം സിനിമാ ഗാനങ്ങളും മാമാങ്കം പല കുറി കൊണ്ടാടി തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങളും നിരവധി ഭക്തി ഗാനങ്ങളും എഴുതിയ ബിച്ചു തിരുമല മുഖ്യധാരാ സിനിമാ ഗാനരചനയിൽ ഏത് രീതിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ എന്ന മനോഹര ഗാനമെഴുതിയ ബിച്ചു തന്നെയാണ് മാധവേട്ടനും എന്ന തട്ടുപൊളിപ്പൻ ഗാനവുമെഴുതിയത്. യോദ്ധയിലെ ചിരി പടർത്തുന്ന പടകാളി ചണ്ഡി ചങ്കരി പോർക്കലി എന്ന ഗാനമെഴുതിയതും ബിച്ചു തിരുമല തന്നെ.

മലയാളികളെ കീഴടക്കിയ മനോഹരമായ ഒട്ടേറെ താരാട്ടുപാട്ടുകളും ബിച്ചു തിരുമല എഴുതി. വ്യത്യസ്ത തലമുറകളെ ആസ്വാദനത്തിന്റെ കൊടിമുടി കയറ്റിയ, നിത്യഹരിത ഗാനങ്ങൾ കൊണ്ട് മലയാളികളുടെ പാട്ടുലോകത്തെ സമ്പുഷ്ടമാക്കിയ ബിച്ചു തിരുമല ഇനിയും എത്രയോ തലമുറകൾക്ക് ആസ്വദിക്കാനുള്ള സർഗ സൃഷ്ടികൾ ബാക്കിയാക്കിയാണ് യാത്രയാകുന്നത്.

രാഗേന്ദു കിരണങ്ങൾ, ആയിരം കണ്ണുമായ് കാത്തിരുന്നു, മൈനാകം കടലിൽ നിന്നുയരുന്നുവോ, ഒറ്റക്കമ്പി നാദം മാത്രം, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം, ഹൃദയം ദേവാലയം, ശ്രുതിയിൽ നിന്നുയരും, വാകപൂമരം ചൂടും, പൂങ്കാറ്റിനോടും, പാൽനിലാവിനും, മകളെ പാതിമലരെ, മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ, പടകാളി ചണ്ഡി ചങ്കരി പോർക്കലി, മാധവേട്ടനും, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, കണ്ണാംതുമ്പീ പോരാമോ, കിലുകിൽ പമ്പരം തിരിയും മാനസം, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു, ആലിപ്പഴം, ഉന്നം മറന്നു തെന്നിപ്പറന്നു..എന്നിവ ശ്രദ്ധേയ ഗാനങ്ങളിൽ ചിലത് മാത്രം.

1981ലും 1991ലുമായി രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ബിച്ചു തിരുമലയെ തേടിയെത്തി. പ്രസന്നയാണ് ഭാര്യ. സുമൻ ഏക മകനാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *