റോഡുകൾ തകരുന്നത് ഒഴിവാക്കാൻ റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതി വിദ്യ നടപ്പാക്കാൻ തീരുമാനം

സംസ്ഥാനത്തെ റോഡുകൾ മഴയത്ത് തകരുന്നത് ഒഴിവാക്കാൻ റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതി വിദ്യ നടപ്പാക്കാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റേയും കിഫ്ബിയുടേയും റോഡ് നിർമ്മാണത്തിലാണ് നിലവിലുള്ളവയ്ക്ക് പകരമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുക. ഉപദേശ സമിതി ശുപാർശ ചെയ്ത ആറ് സാങ്കേതിക വിദ്യകളും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാർ അനുമതി നൽകി.

മഴയത്ത് റോഡുകൾ തകരുന്നത് പതിവായ സാഹചര്യത്തിലാണ് റോഡ് നിർമ്മാണത്തിൽ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിനായി രൂപീകരിച്ച ഉപദേശക സമിതി ആറു സാങ്കേതിക വിദ്യകളാണ് കിഫ്ബി റോഡ് നിർമ്മാണത്തിന് ശുപാർശ ചെയ്തത്. ഇതു പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിന് കൂടി ബാധകമാക്കി. ജിയോസെല്ലുകളും ജിയോ ഗ്രിഡുകളും ഉപയോഗിക്കുക, എഫ്.ഡി.ആർ, മൈക്രോ സർഫസിംഗ്, സെഗ്‌മെന്റൽ ബേഌക്ക്‌സ്, സോയിൽ നെയിലിംഗ്, ഹൈഡ്രോ സീഡിംഗ് എന്നിവയാണ് സർക്കാർ അംഗീകരിച്ച സാങ്കേതിക വിദ്യകൾ. കടലാക്രമണം തടയാനും റോഡുകൾ പൊട്ടിപ്പൊളിയുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്നാണ് ഉപദേശക സമിതിയുടെ കണ്ടെത്തൽ. തുടർന്നാണ് പിഡബ്ല്യുഡിയുടേയും കിഫ്ബിയുടേയും റോഡ് നിർമ്മാണത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഇവ നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ചെലവ് കുറവായിരിക്കുമെന്ന് ഉറപ്പാക്കണമെന്നും ഉപയോഗിക്കുന്ന സാധനങ്ങളുടെ വിപണിവില കുറവായിരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക പഠനത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. ഇതിനുശേഷമാകും സംസ്ഥാന വ്യാപകമായി ഇതു നടപ്പാക്കാൻ അനുമതി നൽകുക.

പുതിയ സാങ്കേതിക വിദ്യകൾ നടപ്പാക്കിയതിലൂടെ പല സംസ്ഥാനങ്ങളിലും റോഡുകളുടെ നിലവാരം ഉയർന്നതായി ഉപദേശക സമിതിയുടെ റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഴയത്തും പ്രളയ സമയത്തും റോഡ് തകരുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *