തിരഞ്ഞെടുപ്പ് പെരുമാറ്റ സംഹിത ലംഘിച്ചാല്‍ കര്‍ശന നടപടി: കലക്ടര്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുളള പെരുമാറ്റ സംഹിത പരിപാലിക്കാന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും മാധ്യമങ്ങളുമടക്കം എല്ലാ വിഭാഗത്തില്‍പെട്ടവരും പ്രതേ്യക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന പോസ്റ്റിംഗും ലൈക്കുകളും മറ്റും കര്‍ശനമായി നിരീക്ഷിക്കാന്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ്ങ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം സൈറ്റില്‍ നിന്നു മുങ്ങിയാലും അത്തരക്കാരെ കണ്ടെത്തുന്നതിനും നിയമനടപടികള്‍ക്ക് വിധേയമാക്കാനും ശാസ്ത്രീയ സംവിധാനമുണ്ട്. ഐ.ടി നിയമപ്രകാരം അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരക്കാര്‍ക്കെതിരെ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ പ്രോസിക്യൂഷന്‍ നടപടികളുണ്ടാകുമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. വ്യാജ വിലാസത്തില്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ട് തുറന്ന് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും കുരുക്കിലാകും. ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതു സ്ഥലങ്ങളിലും യോഗങ്ങളിലും രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി പ്രചാരണം നടത്തുമ്പോള്‍ മറ്റു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളുടേയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലും സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും ആരോപണമുന്നയിക്കുന്നത് ചട്ടവിരുദ്ധമാണ്. അടിസ്ഥാന രഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് എതിര്‍ പാര്‍ട്ടികളേയും സ്ഥാനാര്‍ഥികളേയും വിമര്‍ശിക്കരുത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ട് ചോദിക്കുന്നതും പളളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും മറ്റ് ആരാധനാ സ്ഥലങ്ങളും പ്രചാരണത്തിനുളള വേദിയാക്കുന്നതും ചട്ടലംഘനമാണ്. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ സൃഷ്ടിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ ഏര്‍പ്പെടരുതെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും വാര്‍ത്താധിഷ്ഠിത പരിപാടികളുടേയും പരസ്യങ്ങളുടേയും പ്രസിദ്ധീകരണത്തിലും പ്രക്ഷേപണത്തിലും സംപ്രേഷണത്തിലും ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പരിപാലിക്കാന്‍ എല്ലാ വിഭാഗം മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇലക്‌ട്രോണിക്, സോഷ്യല്‍ മീഡിയാ വഴിയുളള എല്ലാ പ്രചാരണ പരസ്യങ്ങള്‍ക്കും മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ്ങ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. പെരുമാറ്റ സംഹിത ലംഘിച്ചുളള പരസ്യങ്ങള്‍ക്ക് കമ്മിറ്റി അനുമതി നല്‍കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. കമ്മിറ്റിയുടെ അനുമതി ഇല്ലാത്ത പരസ്യങ്ങള്‍ മാധ്യമങ്ങള്‍ സ്വീകരിക്കരുതെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുളളത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ശമ്പളം പറ്റുന്നവരും യാതൊരു കാരണവശാലും രാഷ്ട്രീയ കക്ഷികളുടേയോ സ്ഥാനാര്‍ഥികളുടേയോ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ സര്‍വീസ് ചട്ടങ്ങളനുസരിച്ചുളള നടപടികള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ കൈക്കൊളളും. പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല. വ്യക്തികളുടെ സ്ഥലവും കെട്ടിടവും അവരുടെ അനുമതിയില്ലാതെ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാനായി ഉപയോഗിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ നിയമ നടപടികളുണ്ടാവും. സാമഗ്രികള്‍ നീക്കംചെയ്യാനുളള ചെലവ് സ്ഥാനാര്‍ഥിയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
ജില്ലയില്‍ സമാധാനവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്താനുളള എല്ലാ നടപടികളും പൂര്‍ത്തിയായി വരികയാണ്. ഇതിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും മാതൃകാ പെരുമാറ്റ സംഹിത പൂര്‍ണമായും പരിപാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *