പ്രചാരണ ചെലവ് പരിശോധന; ഒരു സ്ഥാനാര്‍ഥിക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവ് സംബന്ധിച്ച പരിശോധനാ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ആര്‍. ശ്രീനിവാസന്റേയും പി. വിജയകുമാറിന്റേയും സാന്നിധ്യത്തില്‍ ഒന്നും രണ്ടും ഘട്ട ചെലവ് പരിശോധന ഏപ്രില്‍ ഒന്നിനും നാലിനും കലക്ടറേറ്റില്‍ നടന്നു. ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന ചെലവ് രേഖകളും രജിസ്റ്ററും അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തുന്ന സഹ ചെലവ് നിരീക്ഷകരും നിശ്ചല നിരീക്ഷകരും തയ്യാറാക്കുന്ന രേഖകളുമായി താരതമ്യം ചെയ്താണ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. രണ്ട്ഘട്ട പരിശോധനകളിലും കണക്കുകള്‍ ഹാജരാക്കാത്ത കോഴിക്കോട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി. എം. രാഘവനെതിരെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ.ലത നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നുദിവസത്തിനകം ചെലവ് നിരീക്ഷകന്‍ മുമ്പാകെ കണക്ക് ഹാജരാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 171 പ്രകാരം കേസ് ഫയല്‍ ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. നോട്ടീസ് പ്രകാരം കണക്ക് നല്‍കിയില്ലെങ്കില്‍ പ്രചാരണ വാഹനങ്ങള്‍ക്കനുവദിച്ച പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുളള നടപടിയുമുണ്ടാകും.
വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് രജിസ്റ്ററുകളുടെ അവസാനഘട്ട പരിശോധന ഏപ്രില്‍ 8 ന് രാവിലെ 11 നും കോഴിക്കോട് മണ്ഡലത്തിലെ കണക്കുപരിശോധന 9 ന് രാവിലെ 11 നും കലക്ടറേറ്റില്‍ നടത്തും. ചെലവ് നിരീക്ഷകരായ പി. വിജയകുമാറും ആര്‍. ശ്രീനിവാസനും പരിശോധനാ വേളയില്‍ സന്നിഹിതരായിരിക്കും.

You may also like ....

Leave a Reply

Your email address will not be published.