കെയ്‌റോ: ഈജിപ്തില്‍ 683 പേര്‍ക്ക് കൂട്ട വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു പൊലീസുകാരനെ വധിക്കുകയും പൊതുമുതലിന് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു എന്ന കേസിലാണ് ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് ബാദി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വധശിക്ഷ. അക്രമത്തിനും കൊലപാതകത്തിനും പ്രേരണാകുറ്റം ചുമത്തിയാണ് ബാദിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.
ഈജിപ്തിലെ തെക്കന്‍ പ്രവശ്യയായ മിന്‍യയിലെ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുമ്പ് 528 പേര്‍ക്ക് വധശിക്ഷ വിധിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ കോടതിയാണിത്. ഈ ശിക്ഷയില്‍ നിന്നും 492 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. മുസ്ലീം ബ്രദര്‍ഹുഡിനെ അടുത്തിടെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
