സ്ഥാനാര്‍ത്ഥികളേ! ഇതാ കോഴിക്കോടിന്റെ സാംസ്‌ക്കാരിക മാനിഫെസ്റ്റോ

കോഴിക്കോട് നഗരത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ ഇതാ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍. കോഴിക്കോട് നഗരത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് വോട്ടെടുപ്പിന് മുമ്പ് കള്‍ച്ചറല്‍ മാനിഫെസ്റ്റോ സ്ഥാനാര്‍ത്ഥികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. സാംസ്‌ക്കാരിക നായകര്‍ തലങ്ങും വിലങ്ങും നടക്കുന്ന കോഴിക്കോട് നഗരത്തില്‍ അവര്‍ ഇത്രയെങ്കിലും ചെയ്തല്ലേ പറ്റൂ. നഗരത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിരത്തിയിരിക്കുന്നത്. വാര്‍ത്താസമ്മേളനം നടത്തി തന്നെയാണ് സാസ്‌കാരിക പ്രമുഖര്‍ ഈ ആവശ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
മലയാളത്തിലെ വലിയ എഴുത്തുകാരിലൊരാളായ വൈക്കം മുഹമ്മദ് ബഷീറിന് ഇനിയും ഇവിടെ സ്മാരകമായിട്ടില്ല. സംസ്ഥാന ബജറ്റില്‍ അമ്പത് ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇതുവരെ പ്രവര്‍ത്തനം നടന്നിട്ടില്ല. സ്മാരകത്തിന് വേണ്ടി നഗരത്തില്‍ കണ്ടുവെച്ച സ്ഥലവും ബേപ്പൂരില്‍ നീക്കിവെച്ച സ്ഥലവും മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കിക്കഴിഞ്ഞു.ബഷീര്‍ സ്മാരകത്തിന് നീക്കിവെച്ച തുക ബാങ്കില്‍ കിടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നഗര പരിധിയ്ക്കുള്ളില്‍ ബഷീര്‍ സ്മാരകത്തിന് സ്ഥലം കണ്ടെത്തി പ്രാവര്‍ത്തികമാക്കണം. ആധുനിക മലയാള നാടകത്തിന്റെ ആചാര്യ സ്ഥാനീയരിലൊരാളായ കെ ടി മുഹമ്മദിന് നഗരത്തില്‍ സ്മാരകം ഒരുക്കണമെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ ഇന്ന് സിനിമാ തിയേറ്ററുകളുടെ എണ്ണം കുറവാണ്. ഉള്ള തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതുമാണ്. അതിനാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ടിക്കറ്റ് നിരക്കുള്ള ഒരു തിയേറ്റര്‍ കോംപ്ലക്‌സ് കോഴിക്കോട്ട് സ്ഥാപിക്കണം. കളിപ്പൊയ്കയിലെ ഓപ്പണ്‍ സ്റ്റേജ് സാംസ്‌ക്കാരിക പരിപാടികള്‍ നടത്താന്‍ പാകത്തില്‍ വികസിപ്പിക്കണം.
സ്റ്റേഡിയത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് കോഴിക്കോട്ട് ഫുട്‌ബോള്‍ തിരിച്ചുകൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കണം. എസ് കെ യോടുള്ള ആദരം പൂര്‍ണ്ണമാവുന്ന വിധത്തില്‍ എസ് കെ സ്മാരകം വിപുലമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഉറൂബ് സ്മാരകം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ജന്മശതാബ്ദി വര്‍ഷത്തിലെങ്കിലും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവന്റെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടേക്കും കൊണ്ടുവരണം. കോഴിക്കോട്ട് നാടക-സിനിമാ ഫെസ്റ്റിവലുകള്‍ നടക്കാറില്ല. ഇതിന് പരിഹാരമായി നഗരത്തില്‍ സ്ഥിരം നാടക-സിനിമാ ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കണം.കോഴിക്കോടിന്റെ ചരിത്രവും സംസ്‌ക്കാരവും വെളിപ്പെടുത്തുന്ന വിധത്തില്‍ പൈതൃക മ്യൂസിയം നഗരത്തില്‍ സ്ഥാപിക്കണം. വിവിധ ജാതിക്കാരും മതക്കാരും ദേശക്കാരും താമസിക്കുന്ന നഗരമാണ് കോഴിക്കോട്. ഈ വൈവിധ്യം സംരക്ഷിക്കാനും അതിന്റെ സാംസ്‌ക്കാരിക ഇടപെടല്‍ ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. ശില്‍പ്പ നഗരമെന്ന പദ്ധതി പൂര്‍ത്തീകരിച്ച് യഥാര്‍ത്ഥ ശില്‍പ്പ നഗരമാക്കി കോഴിക്കോടിനെ മാറ്റണം. മാനാഞ്ചിറയല്‍ സാംസ്‌ക്കാരിക പരിപാടികള്‍ നടത്താന്‍ സൗകര്യം ഒരുക്കണം. ബീച്ചിലെ രാത്രി ജീവിതം തിരിച്ചുപിടിക്കാന്‍ പാകത്തില്‍ അവിടെ സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറണം. കോഴിക്കോട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കള്‍ച്ചറല്‍ പാര്‍ക്ക്/ജെന്‍ഡര്‍ പാര്‍ക്ക് എന്നിവ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. പബ്ലിക്ക് ലൈബ്രറിയുടെ പ്രവര്‍ത്തനം കൂടുതല്‍ നല്ല രീതിയിലാക്കണം. കോഴിക്കോട് വര്‍ഷം തോറും അന്താരാഷ്ട്ര സാഹിത്യോത്സവം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ മണ്ഡലത്തിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ആവശ്യപ്പെട്ടു.
എം ജി എസ് നാരായണന്‍, യു എ ഖാദര്‍, പി വത്സല, മാമുക്കോയ, ടി വി ബാലന്‍, കെ പി രാമനുണ്ണി, ഇബ്രാഹിം വെങ്ങര, ജോയ് മാത്യു, യു കെ കുമാരന്‍, കല്‍പ്പറ്റ നാരായണന്‍, ദീദി ദാമോദരന്‍, എ ശാന്തകുമാര്‍, ജയപ്രകാശ് കുളൂര്‍, എ പി കുഞ്ഞാമു, സിവിക് ചന്ദ്രന്‍, ടി പി രാജീവന്‍ തുടങ്ങിയ നിരവധി പേര്‍ സാംസ്‌ക്കാരിക മാനിഫെസ്റ്റോയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *