പുനരധിവാസമില്ല:പരിമിതികളില്‍ പൊരുത്തപ്പെട്ട് മുതലക്കുളം കോളനിവാസികള്‍

കോഴിക്കോട്: സ്വന്തമായി കുറച്ച് സ്ഥലം. അവിടെ കൊച്ചുവീട്. ഏതൊരു സാധാരണക്കാരന്റെയും സ്വപ്‌നമാണ്. ഇതു മുതലക്കുളം കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ കോളനിക്കാരുടെ കാര്യത്തില്‍ ഒരു താല്‍പര്യവും പ്രകടമാക്കിയില്ല. സാധാരണക്കാരായ ഇവരുടെ പ്രശ്‌നങ്ങളില്‍ ഒന്നു എത്തിനോക്കുക പോലും ചെയ്തില്ല. ഓര്‍മ്മ വെച്ച കാലം മുതല്‍ കോളനിയില്‍ വളര്‍ന്നവരാണ് ഇവിടത്തെ നിവാസികള്‍. വര്‍ഷങ്ങളായി ഇവിടത്തെ ദുരിതം പേറി ജീവിക്കുന്നവര്‍. ഇവര്‍ക്ക് വലിയ സ്വപ്‌നങ്ങളൊന്നുമില്ല. സ്വന്തമായൊരു കൂരയെന്ന ഒരേയൊരു സ്വപ്‌നം മാത്രം.
ഇരുപതോളം കൂടൂംബങ്ങളാണ് മുതലക്കുളം കോളനിയില്‍ താമസിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്താണ് കോളനി സ്ഥിതി ചെയ്യുന്നതെങ്കിലും കോര്‍പറേഷന്റെയോ മറ്റു അധികൃതരുടെയോ ശ്രദ്ധ ഇവര്‍ക്കുമേല്‍ വരുന്നില്ല. തികച്ചും ദുരിതപൂര്‍വ്വമായ ജീവിതം തള്ളിനീക്കുന്നവരായ ഇവര്‍ക്ക് സഹായ സഹകരണങ്ങളോ വാഗ്ദാനങ്ങളോ നല്‍കിയാരുമില്ല. മഴ തുടങ്ങിയാല്‍ ഇവരുടെ ജീവിതം ദുരിതക്കയത്തിലാണ്. സമീപത്തെ ഇടവഴികളില്‍ നിന്നും വെള്ളം ഒഴുകി വരുന്നത് വീട്ടുമുറ്റത്തേക്കാണ്. ചിലപ്പോള്‍ വെള്ളപ്പൊക്കമാകാറുമുണ്ട്. മാലിന്യം നിക്ഷേപിക്കാനായി ചിലര്‍ കോളനിയുടെ ഒഴിഞ്ഞ സ്ഥലം ഉപയോഗിക്കുന്നതായും കോളനിവാസികള്‍ ആരോപിക്കുന്നു.
രണ്ടു വര്‍ഷം മുന്‍പ് വില്ലേജ് ഓഫീസില്‍ നിന്നും ആളുകള്‍ വന്നു കണക്കെടുത്തിരുന്നു. ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നായിരുന്നു അന്ന് അവര്‍ക്ക് നല്‍കിയ വാഗ്ദാനം. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ രണ്ടു പേര്‍ക്ക് വില്ലേജ് ഓഫിസില്‍ നിന്ന് ലഭിച്ചിരുന്നു. കുടിവെള്ളം പോലും ലഭ്യമാകാത്ത മലമുകളിലായിരുന്നു സ്ഥലം ലഭിച്ചിരുന്നത്. അതിനാല്‍ കോളനിവാസികള്‍ ഭൂമി വേണ്ടെന്നു വെയ്ക്കുകയായിരുന്നു. ഇനിയും ഇത്തരത്തിലുള്ള ഭൂമിയാണ് അനുവദിക്കുന്നതെങ്കില്‍ വേണ്ടെന്നാണ് കോളനിക്കാര്‍ പറയുന്നത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നൂ പേര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കുന്നതിന് കോര്‍പറേഷനില്‍ നിന്ന് പണം ലഭിച്ചിരുന്നു. മൂന്നു ലക്ഷം രൂപയായിരുന്നു അന്നു ലഭിച്ചിരുന്നത്. മറ്റുള്ളവരും ധനസഹായം ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. പട്ടികജാതിയില്‍ പെട്ടവര്‍ക്കാണ് അന്നു ഭൂമി ലഭിച്ചിരുന്നത്. പക്ഷേ കോളനിയില്‍ വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ താമസിക്കുന്നുണ്ടെന്ന് കോളനിവാസികള്‍ വ്യക്തമാക്കുന്നു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും നാലു മാസത്തോളമായിട്ടും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍

 

Leave a Reply

Your email address will not be published.