കോഴിക്കോട്: മരുന്ന് കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സംസ്ഥാനത്തെ കൗമാരപ്രായ പെണ്‍കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിനേഷന്‍ നല്‍കിയതിന് പിന്നിലെന്ന് ആരോപണം. ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറ്കടറുടെ ഓഫീസ് നല്‍കിയ വിശദീകരണത്തിലെ വിവരങ്ങള്‍. വ്യക്തമായ പഠനം നടത്താതെയാണ് സംസ്ഥാനത്തെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് റൂബെല്ലാ വാക്‌സിന്‍ നല്‍കിയതെന്നും റൂബെല്ല വാക്‌സിനേഷന് പാര്‍ശ്വഫലങ്ങളുണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 222 പെണ്‍കുട്ടികള്‍ക്ക് റൂബെല്ലാ കുത്തിവെപ്പു നടത്തിയതു കാരണം പാര്‍ശ്വഫലങ്ങളുണ്ടായി എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. വിവരാകാശ നിയമപ്രകാരം നല്‍കിയ വീശദീകരണത്തിലായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചത്. 2014 ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ റൂബെല്ല വാക്‌സിനേഷന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിരുന്നു.
ഗര്‍ഭാവസ്ഥയില്‍ കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ തടയാനെന്ന പേരിലാണ് ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ആദ്യത്തെ മൂന്ന് മാസക്കാലയളവില്‍ റുബെല്ലാ രോഗം പിടിപെട്ടാല്‍ ജനിക്കാനിരിക്കുന്ന കുട്ടിക്ക് വൈകല്യങ്ങള്‍ ബാധിക്കാമെന്ന് പഠനങ്ങള്‍ കണ്ടെത്തിയ പശ്ചാതലത്തിലായിരുന്നു പദ്ധതി ആവിഷ്‌കരണം. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ആരോഗ്യ വിദഗ്ധരില്‍ നിന്നുള്‍പ്പെടെ ഇതിനെതിരെ വിമര്‍ശം ഉയരുകയുണ്ടായി. സാധാരണയില്‍ അത്ര മാരകമല്ലാത്ത റുബെല്ലാ വൈറല്‍ രോഗത്തെ പെരുപ്പിച്ച് കാണിച്ചു മരുന്ന് കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുള്‍പ്പെടെയുള്ള ചില ഗൂഢതാത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിമര്‍ശനം.
മരുന്നുകമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് കേരളത്തിലെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ വാക്‌സിനേഷന്‍ നടത്തിയതെന്ന ആരോപണം ശക്തമാകുകയാണ്. മുംബൈയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയില്‍ നിന്നാണ് വാക്‌സിനേഷന്‍ മരുന്ന് വാങ്ങുന്നത്. ഈ മരുന്നുകമ്പനിയുമായി സംസ്ഥാനത്തെ മന്ത്രിയ്ക്ക് അവിഹിത ഇടപാടുണ്ടെന്നാണ് ആക്ഷേപം. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ വാക്‌സിനേഷന്‍ അവലോകന യോഗത്തിലും റൂബെല്ല വാക്‌സിനേഷന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ റൂബെല്ല വാക്‌സിനേഷന്‍ നടത്തേണ്ട ആവശ്യമില്ലെന്നാണ് മിക്ക ഡോക്ടറുമാരുടെയും അഭിപ്രായം.
കേരളത്തില്‍ യാതൊരുവിധ പഠനവും നടത്താതെയാണ് സംസ്ഥാനത്ത് ആറു ലക്ഷത്തോളം പെണ്‍കുട്ടികളില്‍ റൂബെല്ല വാക്‌സിനേഷന്‍ നടത്തിയത്. ആഗോളതലത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ റൂബെല്ല വാക്‌സിനേഷന്‍ കുത്തിവെപ്പ് കൗമാരക്കാരില്‍ നിര്‍ബന്ധിതരാക്കിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് കണ്‍ജെനിറ്റല്‍ റൂബെല്ല സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് രേഖകള്‍ സ്ഥിരികരിക്കുന്നു. ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധിച്ച കേസുകള്‍ സംസ്ഥാനത്ത് അടുത്തകാലങ്ങളിലൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടിലിലെന്ന് ആരോഗ്യവകുപ്പ് തന്നെ സ്ഥിരീകരിക്കുന്നു. നിലവില്‍ അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് എം എം ആര്‍ വാക്‌സിന്‍ നല്‍കി വരുന്നു. റുബെല്ലയെ പ്രതിരോധിക്കുന്ന എന്നതാണ് ഇതിന്റെ ലക്ഷ്യം. ചെറുപ്പത്തില്‍ എം എം ആര്‍ എടുത്തവരും ഒരിക്കല്‍ റുബെല്ല ബാധിച്ചവരും റുബെല്ലയ്‌ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാര്യമായ പഠനങ്ങള്‍ നടത്താതെ കോടികള്‍ മുടക്കി തിടുക്കപ്പെട്ട് പദ്ധതി നടപ്പിലാക്കിയതിന്റെ ലക്ഷ്യം മരുന്നുകമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാനാണോ എന്ന ചോദ്യവും ഉയരുന്നു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കുളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. സി ബി എസ് സി വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കയാണ്.