കോഴിക്കോട് : പഞ്ചാബിലെത്തി ഹീറോയായ മല്ലുസിങ്ങിന്റെ കഥ നാം വെള്ളിത്തിരയില്‍ കണ്ടതാണ്. പഞ്ചാബില്‍ നിന്നും കേരളത്തിലെത്തി പഞ്ചാബി വിരുന്നൊരുക്കി വ്യത്യസ്ഥനാകുകയാണ് കുശാല്‍ അഗര്‍വാള്‍ എന്ന ഇരുപത്തിമൂന്നുകാരന്‍. മലബാറിനെ കൊതിപ്പിക്കുന്ന ഉത്തരേന്ത്യന്‍ രുചിക്കൂട്ടുമായെത്തി കോഴിക്കോട്ടെ താരമാകുകയാണ് ഈ ചെറുപ്പക്കാരനായ പഞ്ചാബുകാരന്‍. ബി ടെക് ബിരുദത്തോടും ഐ ടി പ്രൊഫഷനോടും ഗുഡ്‌ബൈ പറഞ്ഞാണ് ഉത്തരേന്ത്യന്‍ വിഭവങ്ങളൊരുക്കുന്ന കുശാല്‍ നഗരത്തിലെത്തിയത്. മലബാര്‍ ബിരിയാണിയുടെ മണവും രുചിയും മോഹിപ്പിക്കുന്ന കോഴിക്കോട്ടെ തെരുവോരങ്ങള്‍ പഞ്ചാബി രുചിയുടെ കഥ പറയാന്‍ തുടങ്ങിയിരിക്കയാണ്. കോഴിക്കോടിന്റെ ദത്തുപുത്രനായ കുശാല്‍ അഗര്‍വാള്‍ എന്ന പഞ്ചാബി യുവാവിന്റെ റസ്റ്റോറന്റില്‍ നിന്നാണ് ഈ രുചികളുടെ ഉല്‍ഭവം.
നഗരത്തില്‍ പഞ്ചാബി റസ്റ്റോറന്റ് ആരംഭിച്ചിട്ട് ഏഴു മാസത്തോളമായി. കുടുംബവും കോഴിക്കോട് നഗരത്തില്‍ തന്നെ. ബീച്ച് റോഡിലെ വെള്ളയിലാണ് താമസം. റസ്റ്റോറന്റില്‍ ജോലിചെയ്യുന്നതാകട്ടെ ഉത്തരേന്ത്യക്കാരും. കോഴിക്കോട് തന്നെ താമസമാക്കിയ ഗണേഷ് രാംനാഥ് എന്ന പഞ്ചാബിയും കുശാലിന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് കൂട്ടൂനിന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള ഷെഫുകളും സുഹൃത്തുക്കളും ഈ സംരംഭത്തിനായി കുശാലിന് കൂട്ടിനുണ്ട്. ഐ ടി മേഖലയിലെ ജോലിവിട്ടെങ്കിലും മാതാപിതാക്കള്‍ കുശാലിന്റെ ഇഷ്ടത്തിന് കൂട്ടൂനിന്നു. അങ്ങനെ ആഘോഷങ്ങളില്ലാതെ കുശാലിന്റെ റസ്റ്റോറന്റ് കോഴിക്കോട്ടൂക്കാര്‍ക്കിടയില്‍ ഹീറോയായി. റസ്റ്റോറന്റിലെത്തുന്നവരെ സ്വീകരിക്കാനും പഞ്ചാബി വിഭവങ്ങള്‍ പരിചയപ്പെടുത്താനും കുശാല്‍ മുമ്പില്‍ തന്നെയുണ്ട്. വൈവിധ്യമാര്‍ന്ന രുചികള്‍ക്ക് പുറമെ കുശാലിന്റെ സ്‌നേഹം വീണ്ടു വീണ്ടും അനുഭവിച്ചറിയാനും നിരവധി പേര്‍ ഇവിടെയെത്തുന്നു.
കോഴിക്കോടിന്റെ സായാഹ്നങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നതും ഈ പഞ്ചാബിയുടെ റസ്റ്റോറന്റ് തന്നെ. പട്യാല പനീര്‍, അമൃത്സര്‍-മസാല പനീര്‍, ഭൂട്ടാ-പലക് മസാല തുടങ്ങി മലയാളികള്‍ക്ക് പരിചിതമല്ലാത്ത നോര്‍ത്ത് ഇന്ത്യന്‍ രുചികളാണ് കുശാല്‍ അഗര്‍വാളിന്റെ റസ്റ്റോറന്റിലെ സ്‌പെഷ്യല്‍. സൗത്തിന്റെ സ്വന്തം മസാലദോശയും നെയ്‌റോസ്റ്റും എല്ലാം തന്നെയുണ്ട്. പഞ്ചാബി സ്‌പെഷ്യല്‍ രുചികള്‍ക്കൊപ്പം ഇത്തിരി സ്‌നേഹം കൂട്ടി വിളമ്പും.ഇതു മാത്രമാണ് തന്റെ ബിസിനസ്സ് തന്ത്രമെന്നാണ് കുശാലിന്റെ പക്ഷം.
റസ്റ്റോറന്റ് വിജയത്തിലായതോടെ പഞ്ചാബി സ്‌പെഷ്യല്‍ സ്വീറ്റ് ഷോപ്പും ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിരുചികളുടെ കൂട്ടൂകാരനായ കുശാലിന് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഇഷ്ടങ്ങള്‍ക്കൊപ്പം ജീവീക്കുക. വിജയം കൈവരിക്കാന്‍ സാധിക്കും എന്നാണ് കുശാലിന്റെ വാദം. ക്രിസ്മസിന്റെ വരവോടനുബന്ധിച്ച് ഉത്തരേന്ത്യന്‍ വിഭവങ്ങളുണ്ടാക്കണം. ഇത്തവണ കോഴിക്കോട്ടുകാരുടെ ക്രിസ്മസിന് കുശാലിന്റെ സ്‌പെഷ്യല്‍ പഞ്ചാബി വിഭവങ്ങളുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുശാല്‍ മലയാളക്കരയിലെത്തുന്നത്. കേരളസംസ്‌കാരത്തോടൊപ്പം വളര്‍ന്നു. മലയാളഭാഷയും നന്നായി കൈകാര്യം ചെയ്യുന്നു. വെല്ലൂര്‍ എഞ്ചിനീയറിങ്ങ് ടെക്‌നോളജില്‍ നിന്നും ബിരുദം നേടിയതിന് ശേഷം ഒരു വര്‍ഷം തിരക്കേറിയ ഐ ടി മേഖലയില്‍ പ്രവര്‍ത്തിച്ചു.
FLASHNEWS