കല്ലായിയിലെ തടിവ്യവസായം പ്രതിസന്ധിയില്‍ ഈര്‍ച്ചമില്ലുകളുടെ എണ്ണം ചുരുങ്ങി

കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കല്ലായിലെ തടിവ്യവസായം പ്രതിസന്ധിയിലേക്ക്. കല്ലായിലേക്കുള്ള തടികളുടെ വരവ് കുറഞ്ഞതാണ് തടിവ്യവസായത്തെ നാശത്തിന്റെ വക്കിലെത്തിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങളും നൂലാമാലകളുമാണ് നാട്ടില്‍ നിന്നുള്ള തടിവരവ് ഗണ്യമായി കുറച്ചത്. മരങ്ങള്‍ ലഭ്യമാകാത്തതും മാര്‍ക്കറ്റില്‍ ആവശ്യക്കാരില്ലാത്തതുമാണ് ഈ മേഖല തകര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണം. നേരത്തെ 200 ഓളം ഈര്‍ച്ചമില്ലുകള്‍ ഉണ്ടായിരുന്ന കല്ലായിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അമ്പതോളം ഈര്‍ച്ചമില്ലുകളാണ്. കൂടാതെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ യൂണിറ്റുകളുമുണ്ട്.മരവ്യവസായത്തിന് പ്രതിസന്ധി വന്നപ്പോള്‍ മരവ്യാപാരികള്‍ മറ്റു ജോലികള്‍ തേടി പോയി. വ്യാപാരികളില്‍ കുറച്ച് പേര്‍ക്ക് മാത്രമെ നഷ്ടമുണ്ടാക്കുന്ന കച്ചവടത്തില്‍ നിലനില്‍പ്പുണ്ടായിരുന്നുള്ളു.
ഒരു കാലത്ത് പ്രശസ്തമായ കല്ലായിലെ മരവ്യവസായം ഇന്ന് പൂര്‍ണമായും ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. മരലഭ്യതയുടെ കുറവിനു പുറമെ മരം കൊണ്ടുള്ള പണിത്തരങ്ങള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞു. മരത്തിനു വില കൂടിയതോടെ അലൂമിനിയം, സ്റ്റീല്‍, ഫൈബര്‍ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറി. കൂടിയ വിലയുള്ള മരത്തടി വേണമെന്നു നിര്‍ബന്ധമുള്ളവരുടെ എണ്ണവും കുറഞ്ഞു. വിദേശമരങ്ങള്‍ക്ക് പകരം പടുമരം കൊണ്ടുള്ള ഫര്‍ണീച്ചറുകളാണ് ഇപ്പോള്‍ കൂടൂതലായി നിര്‍മ്മിക്കുന്നതെന്നും അവയാണ് കൂടൂതലായി വിറ്റഴിക്കുന്നത്. വന്‍വില കൊടുത്തു വാങ്ങിക്കുന്ന വിദേശമരങ്ങള്‍ കൊണ്ടു ഫര്‍ണീച്ചറും മറ്റു തടിയുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുമ്പോള്‍ വാങ്ങിയ്ക്കാന്‍ വേണ്ടി ചെലവഴിച്ച തുക പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വിദേശ മരത്തടികള്‍ക്കാണ് ഇന്ന് ആവശ്യക്കാരേറെയുള്ളത്. വലിയ വില നല്‍കി വിദേശ മരത്തടികള്‍ വാങ്ങിയിട്ട് വ്യാപാരികള്‍ വില്‍ക്കുമ്പോള്‍ വാങ്ങിച്ച തുകപോലും ലഭിക്കുന്നില്ല. മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇരൂള്‍ ,മറ്റു മരങ്ങള്‍ക്കുമാണ് നിരവധി പേര്‍ ആവശ്യപ്പെടുന്നത്. ഭീമന്‍ വിലകൊടുത്ത് വാങ്ങിയ മരത്തടികള്‍ വാങ്ങിയ വിലയ്ക്ക് പോലും വില്‍ക്കാന്‍ കഴിയുന്നില്ല. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയ കല്ലായിലെ ഈര്‍ച്ചമില്ലിന്റെ അവസ്ഥ വളരെ ദയനീയമാണ്. എന്നാല്‍ ഈര്‍ച്ച മില്ലിന്റെ നിലനില്‍പ്പും ഇന്ന് നാശത്തിന്റെ പാതയിലാണ്. ആദ്യകാലങ്ങളില്‍ ആഴ്ചയില്‍ എല്ലാ ദിവസവും മില്ലില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ഇന്ന് ഒന്നോ രണ്ടോ ദിവസം മാത്രമെ ജോലിയുള്ളു. ഇതുവഴി നിരവധി പേരുടെ ജോലിയ്ക്കും വ്യാപാരത്തിനുമാണ് ക്ഷതമേല്‍ക്കുന്നത്. മരക്കച്ചവടം നഷ്ടത്തിലാകുമ്പോഴും പരമ്പരാഗതമായി വ്യവസായം നടത്തുന്നവര്‍ മാത്രമാണ് പിടിച്ചു നില്‍ക്കുന്നത്.
മലേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ബര്‍മ്മയില്‍ നിന്നുമാണ് കല്ലായിലെ ആവശ്യത്തിനുള്ള മരത്തടികളെത്തുന്നത്. തേക്ക്, പിന്‍കോഡ, സാല്‍, ഓക്ക് മരങ്ങളാണ് ഇങ്ങനെയെത്തുന്നത്. വന്‍വില കൊടുത്തു വാങ്ങുന്ന മരങ്ങള്‍ക്ക് വില്‍ക്കുമ്പോള്‍ എടുത്ത വിലപോലും ലഭിക്കുന്നില്ല. കിട്ടുന്ന മരങ്ങള്‍ക്ക് ആവശ്യക്കാരെത്തുന്നതുമില്ല. വിദേശ മരത്തടികള്‍ ഇറക്കുമതി ചെയ്യുന്നത് തൂത്തുക്കുടിയിലും മംഗലാപുരത്തുമാണ്. അവിടെ നിന്നും മരത്തടികള്‍ ലോറിയില്‍ കയറ്റി മരവ്യവസായ മേഖലയായ കല്ലായിയില്‍ എത്തിക്കുമ്പോഴെക്കും വന്‍തോതില്‍ ചെലവ് കൂടൂന്നു. തൂത്തുക്കുടിയില്‍ നിന്നും ഒരു ലോഡു മരം കോഴിക്കോടെത്തിക്കുമ്പോള്‍ വലിയ തുക ഗതാഗതയിനത്തില്‍ തന്നെ വരുന്നു. വില്പന നികുതി, വനംവകുപ്പ്, മരം സൂക്ഷിക്കാനുള്ള ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തടിവ്യവസായത്തെ തകര്‍ച്ചയിലെത്തിച്ചതെന്നും തടിക്കച്ചവടത്തെ രക്ഷിക്കാന്‍ ഇനി സര്‍ക്കാര്‍ അനുകൂല നടപടിയെടുക്കണമെന്നും കോഴിക്കോട് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ ജയരാജന്‍ പറഞ്ഞു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കല്ലായിയിലെ തടിവ്യവസായത്തിന് ഓര്‍ക്കാനുള്ളത് പൂര്‍വ്വകാല ചരിത്രം മാത്രം. കല്ലായിയുടെ ഒരു സുവര്‍ണ കാലഘട്ടം കഴിഞ്ഞുപോയി. ഇനി തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്ന തടിവ്യവസായത്തെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമം മരവ്യാപാരികള്‍.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *