വേനല്‍ കനക്കുന്നു: നഗരത്തില്‍ ശീതള പാനീയങ്ങള്‍ക്ക് പ്രിയമേറുന്നു

story photoകോഴിക്കോട്: നാടും നഗരവും പൊള്ളിച്ച് വേനല്‍ കത്തിക്കാളിയതോടെ ശീതളപാനീയവിപണി നഗരത്തില്‍ എല്ലായിടത്തും സജീവമായി. തദ്ദേശീയ ഉല്‍പന്നങ്ങള്‍ മുതല്‍ ബഹുരാഷ്ട്ര കുത്തകകള്‍ വരെ അരങ്ങുവാഴുന്ന പാനീയവിപണിയില്‍ വേനല്‍ചൂടിനെ പോലും വെല്ലുന്ന കച്ചവടമാണ് കഴിഞ്ഞ ഒരു മാസം കൊണ്ടു കച്ചവടക്കാര്‍ നേടിയത്. സോഫ്റ്റ് ഡ്രിങ്ക്‌സിനേക്കാളും തദ്ദേശീയ പാനീയങ്ങള്‍ക്കാണ് ആവശ്യക്കാരെറെയുള്ളത്.നഗരത്തില്‍ ചൂട് കൂടി വരുമ്പോള്‍ ശീതളപാനീയങ്ങളുടെ കച്ചവടക്കാര്‍ക്ക് ചാകരയാകുകയാണ്.നഗരങ്ങളിലെ വഴയോരങ്ങളിലും ദേശീയപാതാ വഴിയോരങ്ങളിലുമെല്ലാം തന്നെ ശീതളപാനീയങ്ങളുടെ കച്ചവടം തകര്‍ക്കുകയാണ്. ഇളനീര്‍ ജ്യുസിനും തണ്ണിമത്തന്‍ ജ്യുസിനും ആവശ്യക്കാരെറെയുള്ളത്. പാര്‍ശ്വഫലമുണ്ടാകില്ലെന്ന വിശ്വാസമാണ് ജനങ്ങളെ എന്തു വിലകൊടുത്തും  തദ്ദേശീയ ഉല്‍പന്നങ്ങളെ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ദേശീയപാതാ വഴിയോരങ്ങളിലും ടൗണിലെ വഴിയോരങ്ങളിലും ഇളനീര്‍ ജ്യുസിന്റെയും കരിമ്പ് ജ്യുസിന്റെയും തണ്ണിമത്തന്റെയും കച്ചവടമാണ് കൂടൂതലായി നടക്കുന്നത്. കൂടൂതലായി യാത്രക്കാര്‍ എത്തിച്ചേരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വഴിയോര കച്ചവടക്കാര്‍ തമ്പടിച്ചിരിക്കുന്നത്. ഒരു ഗ്ലാസ് ഇളനീര്‍ ജ്യുസിന് 20 രൂപയും ഇളനീര്‍ സോഡയ്ക്ക് 15 രൂപയുമാണ് വില. ഇളനീരിന്റെ 90 ശതമാനവും തമിഴ്‌നാട് , കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ഇളനീര്‍ ഉല്‍പന്നങ്ങള്‍ക്ക് മാത്രമായി നഗരത്തില്‍ അനേകം പാര്‍ലറുകളാണുള്ളത്. ദേശീയപാതയോരത്തും പ്രധാന റോഡുകള്‍ക്ക് ഇരുവശവും താല്‍ക്കാലിക കരിമ്പിന്‍ ജ്യുസ് പാര്‍ലറുകളും സജീവമായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നെത്തുന്ന കരിമ്പു പിഴിഞ്ഞു ജ്യുസാക്കാന്‍ ദേശീയപാതാ വഴിയോരങ്ങളില്‍ യന്ത്രങ്ങളും റെഡി. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന  യന്ത്രങ്ങള്‍ വാടകയ്‌ക്കെടുത്താണ് വില്‍പന. തണ്ണിമത്തനും തണ്ണിമത്തന്‍ ജ്യുസിനും ആവശ്യക്കാരെറെ.  ഒരു ഗ്ലാസിന് 10 രൂപയ്ക്ക് തണ്ണിമത്തന്‍ ജ്യുസ് ലഭിക്കുമ്പോള്‍ മുറിച്ചു വെച്ച തണ്ണിമത്തന് അഞ്ചു രൂപയാണ് വില.
വേനല്‍ കനത്തതോടെ നഗരത്തിലെ കൂള്‍ബാറുകളിലും വന്‍തിരക്കാണ്. കൂള്‍ബാറുകളില്‍ ജ്യുസിന് പുറമെ ഷെയ്ക്ക് ഉല്‍പന്നങ്ങളുടെ കച്ചവടവും തകൃതിയാണ്. ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ വാട്ടര്‍ പ്യൂരിഫൈയര്‍ വരെ സ്ഥാനം  പിടിച്ചിട്ടുണ്ട്. ലൈം ജ്യൂസ്. മില്‍ക്ക് സര്‍ബത്ത്, സോഡ, ലൈം സോഡ തുടങ്ങിയ പരമ്പരാഗത പാനീയങ്ങള്‍ക്കും ഡിമാന്റ് കുറഞ്ഞിട്ടില്ല. പ്രമുഖ കമ്പനികളുടെ സോഫ്റ്റ് ഡ്രിംഗ്‌സുകള്‍ പല പേരുകളില്‍ വിപണിയിലുണ്ട്. മിനറല്‍ വാട്ടര്‍ വിപണനവും ഇരട്ടിയായിട്ടുണ്ട്. 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഒരു ലിറ്റര്‍ മിനറല്‍ വാട്ടറിനു വില. ശുദ്ധമായതും കണ്‍മുന്നില്‍ നിര്‍മിക്കുന്നതുമായ കരിമ്പ് ജ്യൂസിന് വേനല്‍ചൂടില്‍ ആവശ്യക്കാരേറെയാണ്. പാതയോരങ്ങളിലെ തണല്‍മരങ്ങള്‍ക്ക് ചുവട്ടിലാണ് കരിമ്പ്ജ്യൂസ് കടകള്‍. നഗരത്തിന്റെ വിവിധ കോണുകളില്‍ സജീവമായി കച്ചവടം ചെയ്യപ്പെടുന്ന തണ്ണിമത്തന്‍ ജ്യുസും കരിമ്പിന്‍ ജ്യുസും വാങ്ങി കുടിയ്ക്കുമ്പോള്‍ അവയുടെ ഗുണമേന്മയെ കുറിച്ച് ആരും തന്നെ ചിന്തിക്കുന്നില്ല.
ശുദ്ധമായ പാനീയങ്ങളല്ലാ ലഭ്യമാകുന്നതെങ്കില്‍ മഞ്ഞപ്പിത്തം, കോളറ പോലുള്ള പകര്‍ച്ച വ്യാധികള്‍ പകരാനും കാരണമായേക്കാം. കുടിവെള്ളത്തിന്റെ കച്ചവടം തകൃതിയായി നടക്കുമ്പോള്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഫലപ്രദമായ പരിശോധന നടക്കുന്നില്ലെന്ന ആരോപണവും ശക്തമാകുന്നു. പല സ്ഥലങ്ങളിലും പഴയ ബോട്ടിലില്‍ തന്നെ വീണ്ടും വെള്ളം നിറച്ച് റീ ബോട്ടില്‍ ചെയ്ത് വീണ്ടും വില്‍പ്പനയ്ക്ക് വയ്ക്കുന്നതായി ആരോപണം. മറ്റു പാനീയങ്ങളേക്കാളും താരതമ്യേന നല്ലത് മിനറല്‍ വാട്ടറാണെന്നാണ് ജനത്തിന്റെ ധാരണ. കൂടാതെ യാത്രക്കാരും കൂടൂതല്‍ ആശ്രയിക്കുന്നത് മിനറല്‍ വാട്ടറിനെയാണ്. ദിവസേന നൂറിലധികമാളുകള്‍ എത്തിച്ചേരുന്ന കോഴിക്കോട് ബീച്ചില്‍ കുപ്പിവെള്ളത്തിന്റെ കച്ചവടവും തണ്ണിമത്തന്റെ കച്ചവടവുമാണ് കൂടൂതലായി നടക്കുന്നത്. ബീച്ചില്‍ ലഭ്യമാകുന്ന കുടിവെള്ളത്തില്‍ മായം കലരുന്നതായി മുന്‍പ് ആക്ഷേപമുണ്ടായിരുന്നു. ശീതളപാനീയങ്ങളും ഐസ് പോലുള്ള മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളും കൂടൂതലായി കച്ചവടം ചെയ്യപ്പെടുന്ന ബീച്ചില്‍ ചൂട് കൂടിയതോടെ വില്‍പനയും ഇരട്ടിയായിരിക്കയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *