കാസര്‍കോട്: മുള്ളേരിയ ആദൂര്‍ കുക്കുംകൈ വനംമേഖലയില്‍ തീപിടിച്ചു രണ്ട് ഏക്കറോളം പ്രദേശത്തെ വനം കത്തി നശിച്ചു. വൈദ്യുത തൂണുകളോ ആള്‍ താമസമോ ഇല്ലാത്ത പ്രദേശത്തു രാത്രിയുണ്ടായ തീ പിടിത്തം ദുരൂഹത ഉണ്ടാക്കി. നാട്ടുകാരും ആദൂര്‍ പൊലീസും മണിക്കുറുകളോളം പണിപ്പെട്ടാണു തീ അണച്ചത്. ഉള്‍വനത്തിലായതിനാല്‍ ഫയര്‍ഫോഴ്‌സിനു തീ അണയ്ക്കാന്‍ കഴിഞ്ഞില്ല. അഗ്നിസമന വാഹനത്തിന് എത്തിപെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമാണ്. ഉണങ്ങിയമരങ്ങള്‍ കുറവുള്ള പ്രദേശത്ത് പെട്ടന്ന് വ്യാപകമായി തീ പിടിച്ചത് നാട്ടുകാരില്‍ സംശയം ഉണ്ടാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്തുള്ള പ്രദേശത്തും തീ പിടിച്ചിരുന്നു. പൊലീസ് സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടില്ല. പയസ്വിനി പുഴയ്ക്ക് അരികില്‍ വന്‍ മരങ്ങളുള്ള ഈ വനമേഖലകളില്‍ ആനകള്‍ അടക്കമുള്ള മൃഗങ്ങളുടെ സ്വാഭാവികവാസകേന്ദ്രത്തിലാണ് തീ പിടിച്ചത്. വനം വകുപ്പോ പോലീസോ അന്വേഷണം നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്നും വന്‍ അപകടം ഉണ്ടാകുന്നതിനു മുമ്പു കുറ്റക്കാരെ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
