കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്‍

തൃശൂര്‍: ഇരുളടഞ്ഞു പോകുമായിരുന്ന തങ്ങളുടെ ജീവിതത്തിന് പുതുവെളിച്ചമേകിയവര്‍ക്കെല്ലാം ആ അന്‍പത് പേരും ഹൃദയത്തില്‍നിന്നും നന്ദി അറിയിച്ചു. കൈപിടിച്ചവരും ചേര്‍ത്തണച്ചവരും കൂടെ നിര്‍ത്തിയവരുമെല്ലാം മനുഷ്യസ്നേഹത്തിന്റെ ആ മഹാസംഗമത്തിന് സാക്ഷികളായി. മണപ്പുറം ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘കണ്‍വര്‍ജന്‍സ് 2024’ ചടങ്ങില്‍ നടന്നത് വൈകാരിക മുഹൂര്‍ത്തങ്ങള്‍. സഹയാത്രക്ക് സ്‌നേഹസ്പര്‍ശമായി പദ്ധതിയുടെ ഭാഗമായി സമൂഹത്തില്‍ അര്‍ഹരായ 50 ഭിന്നശേഷിക്കാര്‍ക്കുള്ള ആധുനിക ഇലക്ട്രിക് വീല്‍ചെയറുകളുടെ വിതരണവും, സധൈര്യം പദ്ധതിയുടെ ഭാഗമായി ലോക വനിതാദിനാഘോഷത്തിനോടാനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രഗത്ഭരായ വനിതകള്‍ക്കുള്ള ആദരവും തൃശൂരില്‍ നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മണപ്പുറം ഗ്രൂപ്പ് പുതുവഴി തീര്‍ത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നിര്‍ബന്ധിത സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് നിയമം കൊണ്ടുവരുന്നതിന് മുന്‍പ്തന്നെ സാമൂഹിക മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ മണപ്പുറം ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. ആലംബഹീനരായ നിരവധി ആളുകള്‍ക്ക് പുതുജീവിതം നല്‍കാനും മണപ്പുറത്തിനായി. കേരളത്തെ ആകെമാനം തകര്‍ത്തുകളഞ്ഞ പ്രകൃതി ദുരന്തങ്ങളിലെല്ലാം കരുതലിന്റെ സ്‌നേഹസ്പര്‍ശമാകാന്‍ മണപ്പുറത്തിനു കഴിഞ്ഞു. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഗമത്തെ നാം കാണേണ്ടത്’. അദ്ദേഹം പറഞ്ഞു.

മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി. പി. നന്ദകുമാര്‍ പദ്ധതി സമര്‍പ്പണം നടത്തി. അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘വലപ്പാട് തീരദേശ പരിധിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി, 2019 മുതലാണ് മണപ്പുറം ഫൗണ്ടേഷന്‍ ജീവകാരുണ്യ മേഖലയില്‍ ചുവടുറപ്പിച്ചത്. തുടര്‍ന്നും, പ്രാദേശിക മേഖലയില്‍ ഉള്‍പ്പടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജീവിതങ്ങളെ കൈപിടിച്ചു നടത്താനും മണപ്പുറം ഫൗണ്ടേഷന് സാധിച്ചു. സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നിരവധി പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു’. അദ്ദേഹം പറഞ്ഞു.

വൈകല്യം തീര്‍ത്ത പരിമിതികളെ മറികടന്ന് കാര്‍ ലൈസന്‍സ് കരസ്ഥമാക്കിയ ഇടുക്കി സ്വദേശി ജിലുമോള്‍ മരിയറ്റ് തോമസിനെയും സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമനെയും ചടങ്ങില്‍ ആദരിച്ചു. ഒറ്റപ്പാലം എംഎല്‍എ കെ. പ്രേംകുമാര്‍, നാട്ടിക എംഎല്‍എ സി. സി. മുകുന്ദന്‍, ചാലക്കുടി എംഎല്‍എ റോജി ജോണ്‍, കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍കുമാര്‍, കൈപ്പമംഗലം എംഎല്‍എ ഇ. ടി. ടൈസണ്‍ മാസ്റ്റര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ്, ആശിര്‍വാദ് മൈക്രോഫിനാന്‍സ് എംഡി രവീന്ദ്ര ബാബു, മണപ്പുറം റീതി ജ്വല്ലറി എംഡി സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതരുടെ സംഘടനയായ മൈന്‍ഡ് ട്രസ്റ്റിന്റെ വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *