വധശ്രമത്തിന് ഗൂഢാലോചന നടത്തിയെന്ന പരാതി; കെ സുധാകരനും വി ഡി സതീശനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദ്ദേശം. ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്.പിക്ക് കൈമാറി. ഡിവൈഎഫ്‌ഐ ആണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

പരിശോധന നടത്തി പരാതിയില്‍ കേസെടുക്കണോ എന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് വധശ്രമമാണന്നും അതിന്റെ ഗൂഢാലോചനയില്‍ കെ.സുധാകരനും വി.ഡി.സതീശനും പങ്കെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥിനെതിരേ നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തില്‍ കെ. സുധാകരനും വി.ഡി. സതീശനും പങ്കുണ്ടെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിമാനത്തിലെ സംഭവവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. വിമാന സുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. പ്രതിഷേധിച്ച രണ്ടുപേരെയും ജയരാജന്‍ തള്ളി താഴെയിട്ടു. മുഖ്യമന്ത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടാ എന്ന് ജയരാജന്‍ ആക്രോശിച്ചു. കൈ ചുരുട്ടി നവീന്‍ കുമാറിന്റെ മുഖത്തടിച്ചു. മൂന്ന് പ്രതികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചു. ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *