തിരുവനന്തപുരം: കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 5ന് നാടിന് സമർപ്പിക്കും. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാകും. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാവുക.
ജൂൺ 5, തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി കെഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ വേണുഗോപാൽ കെഫോൺ കൊമേഷ്യൽ വെബ് പേജും തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുകളുടെ ചുമതലയിലുള്ള മന്ത്രി എം.ബി രാജേഷ് മൊബൈൽ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി കെഫോൺ മോഡം പ്രകാശനവും നിർവഹിക്കും.
ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത കെഫോൺ ഉപഭോക്താക്കളോടും മുഖ്യമന്ത്രി സംവദിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബം, വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ ആളുകൾ, സ്കൂൾ വിദ്യാർത്ഥികൾ, തിരഞ്ഞെടുത്ത ഒരു സർക്കാർ സ്ഥാപനം എന്നിവരുമായാകും മുഖ്യമന്ത്രി ഓൺലൈനായി കൂടിക്കാഴ്ച നടത്തുക.
കേരളത്തിന്റെ ഡിജിറ്റലൈസേഷനില്‍ നാഴികക്കല്ലാണ് കെഫോണെന്ന് കെഎസ്ഐടിഎൽ & കെഫോൺ പ്രിൻസിപ്പൽ സെക്രട്ടറി/മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട) പറഞ്ഞു. കുറഞ്ഞ ചെലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുക, സര്‍ക്കാര്‍ ഓഫീസുകളും വീടുകളുമുള്‍പ്പടെ കേരളത്തിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ഇന്റര്‍നെറ്റ് വിപ്ലവം കെഫോണ്‍ പദ്ധതി സജ്ജമാകുന്നതോടെ കൂടുതൽ മുന്നേറ്റം കൈവരിക്കും. എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോകത്തേക്ക് കടന്നുവരാനാവുന്നത് ഒരു സമൂഹത്തെ ഒന്നാകെ പുരോഗതിയിലേക്ക് നയിക്കുന്നതിന് കാരണമാകുമെന്നും അത്തരമൊരു ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐടി ഇൻഫ്രസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗതയിൽ മുതൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും സാധിക്കും.
നിലവിൽ ഇൻസ്റ്റാളേഷൻ പൂര്‍ത്തീകരിച്ച് 26492 സര്‍ക്കാര്‍ ഓഫീസുകളിൽ 17,354 ഓഫീസുകളിൽ ഇന്റർനെറ്റ് സേവനം ലൈവാണ്. ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികൾ പൂർത്തിയാക്കിയപ്പോൾ ആയിരത്തിലധികം ഉപഭോക്താക്കൾ നിലവിൽ കെഫോണിനുണ്ട്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകാമെന്നാണ് കണക്കുകൂട്ടൽ. ഇതുവഴി പദ്ധതി ലാഭത്തിലാക്കാൻ സാധിക്കുമെന്ന് കെഫോൺ അധികൃതർ വ്യക്തമാക്കുന്നു.