
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ബ്രൈറ്റണ്‍. ഇന്‍ജുറി ടൈമിലെ പെനാല്‍റ്റി വലയിലെത്തിച്ച് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റന്‍റെ ജയം.അര്‍ജന്‍റൈന്‍ താരം അലക്സിസ് മാക് അലിസ്റ്ററാണ് ഗോള്‍ നേടിയത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് തവണ യുനൈറ്റഡിനെ നേരിട്ടപ്പോഴും വിജയം ബ്രൈറ്റണൊപ്പമായിരുന്നു. ബ്രൈറ്റന്‍റെ തട്ടകമായ അമെക്സ് സ്റ്റേഡിയത്തില്‍ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബ്രസീലിയന്‍ താരം ആന്റണിക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
ആദ്യ പകുതിയില്‍ റാഷ്ഫോര്‍ഡിന്‍റെയും മാര്‍ഷ്യലിന്‍റെയും പല നീക്കങ്ങളും ഗോളിനടുത്തുവരെ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ ബ്രൈറ്റണ്‍ കളം പിടിക്കുന്നതാണ് കണ്ടത്. 95ാം മിനിറ്റിലാണ് നാടകീയമായി വാര്‍ ബ്രൈറ്റന്റെ രക്ഷക്കെത്തിയത്. ലൂക് ഷോയുടെ ഹാന്‍ഡ് ബോളിന് ബ്രൈറ്റണ് അനുകൂലമായി റെഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മാക് അലിസ്റ്റര്‍ പന്ത് അനായാസം പോസ്റ്റിന്‍റെ ഇടതു കോര്‍ണറില്‍ എത്തിച്ചു.

ജയത്തോടെ ബ്രൈറ്റണ്‍ 32 മത്സരങ്ങളില്‍നിന്ന് 55 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. ടീം ചാമ്ബ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകളും സജീവമാക്കി. 33 മത്സരങ്ങളില്‍നിന്ന് 63 പോയന്‍റുമായി യുനൈറ്റഡ് നാലാമതാണ്. ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ യുനൈറ്റഡിന് നിര്‍ണായകമാണ്. അഞ്ചാമതുള്ള ലിവര്‍പൂളിന് 34 മത്സരങ്ങളില്‍നിന്നായി 59 പോയന്‍റുണ്ട്.
