ആരോഗ്യമേഖലയിൽ കേരളം അനുദിനം പുറകോട്ട്;മുല്ലപ്പള്ളി രാമചന്ദ്രൻ

ആരോഗ്യ വകുപ്പിനെതിരെ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യ മേഖലയിൽ കേരളം അനുദിനം പിന്നോട്ട് പോകുന്നു. ജീവൻ രക്ഷാ മരുന്നുകൾക്ക് സർക്കാർ ആശുപത്രികളിൽ ക്ഷാമം നേരിടുന്നു. ആർക്കാണ് ആരോഗ്യവകുപ്പിന്‍റെ ചുമതലയെന്നും ആരോഗ്യ കപ്പൽ ആടിയുലയുകയാണെന്നും, വകുപ്പിന് ഒരു കപ്പിത്താൻ വേണ്ടേയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
ആരോഗ്യ മേഖലയിൽ അഭിമാനകരമായ മാതൃക സൃഷ്ടിച്ച കേരളം അനുദിനം പിന്നോട്ട് പോവുകയാണ്. കോവിഡ് മഹാമാരിക്കാലത്ത് സംഭവിച്ച ഗുരുതരമായ വീഴ്ചയും കെടുകാര്യസ്ഥതയും ലോകാരോഗ്യ സംഘടനയുടെ പോലും പരാമർശം ഏറ്റുവാങ്ങുകയുണ്ടായി. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഇവിടെയായിരുന്നു. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇവിടെത്തന്നെ. ഇപ്പോൾ വാനര വസൂരി കണ്ടെത്തിയതും കേരളത്തിലാണ്. നിപ്പാ രോഗം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പേരാമ്പ്രയുടെ അന്നത്തെ അവസ്ഥ നന്നായറിയാം. സ്ഥലം എം.പി. എന്ന നിലയിൽ ആദ്യം ഓടിയെത്തിയതും രോഗം മാറുന്നത് വരെ ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോടൊപ്പം കഴിഞ്ഞതും ഓർക്കുന്നു. രോഗം അവസാനിക്കും വരെ, ചുമതലയുണ്ടായിരുന്ന മൂന്നു മന്ത്രിമാരും പേരാമ്പ്രയിലെത്തിയില്ല. വീഴ്ച അന്നു തന്നെ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് താണ്ഡവമാടിയപ്പോഴും അത് കൃത്യമായി ചൂണ്ടിക്കാട്ടിയെന്ന ചാരിതാർത്ഥ്യമുണ്ട്. പി.ആർ. ഏജൻസികളുടെ പിൻബലത്തിൽ, കോടികൾ വാരിയെറിഞ്ഞ് , പൊളളയായ ബഹുമതിയും അംഗീകാരവും വിലയ്ക്കു വാങ്ങാൻ നടത്തിയ വിഫല ശ്രമവും വൈകിയെങ്കിലും കേരളം തിരിച്ചറിഞ്ഞിരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *