തോല്‍വി തൊടാതെ 36 കളികള്‍, ബ്രസീലിനേയും സ്‌പെയ്‌നിനേയും മറികടന്നു അര്‍ജന്റീന

സൗഹൃദ മത്സരത്തില്‍ യുഎഇയെ എതിരില്ലാത്ത 5 ഗോളിന് തകര്‍ത്തതിന്റെ ആവേശത്തിനൊപ്പം അപരാജിത കുതിപ്പ് തുടര്‍ന്ന് റെക്കോര്‍ഡ് തിരുത്തുകയുമാണ് അര്‍ജന്റീന.

തോല്‍വി അറിയാതെ മെസിയുടേയും സംഘത്തിന്റേയും കുതിപ്പ് 36 മത്സരങ്ങളിലായി. തോല്‍വി തൊടാതെയുള്ള കുതിപ്പില്‍ അര്‍ജന്റീനയ്ക്ക് മുന്‍പില്‍ ഇനിയുള്ളത് ഇറ്റലി മാത്രം. 37 മത്സരങ്ങളാണ് ഇറ്റലി തോല്‍വി അറിയാതെ മുന്നേറിയത്.

തോല്‍വി അറിയാതെ 35 മത്സരങ്ങള്‍ തുടരെ പിന്നിട്ട ബ്രസീലിനും സ്‌പെയ്‌നിനും അള്‍ജീരിയക്കും ഒപ്പമായിരുന്നു അര്‍ജന്റീന യുഎഇക്കെതിരെ ഇറങ്ങുന്നത് വരെ. എന്നാലിപ്പോള്‍ ബ്രസീലിനേയും സ്‌പെയ്‌നിനേയും അള്‍ജീരിയയേയും മൂന്നാം സ്ഥാനത്തേക്ക് മാറ്റി അര്‍ജന്റീന രണ്ടാം സ്ഥാനം സ്വന്തമാക്കി. ഖത്തര്‍ ലോകകപ്പോടെ ഇറ്റലിയുടെ 37 തുടര്‍ ജയങ്ങള്‍ എന്ന് റെക്കോര്‍ഡ് കുതിപ്പ് മറികടക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്.

ലോകകപ്പില്‍ സൗദിക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. രണ്ടാം മത്സരം മെക്‌സിക്കോയ്ക്ക് എതിരേയും ഇരുവര്‍ക്കും എതിരെ തോല്‍വിയിലേക്ക് വീഴാതിരുന്നാല്‍ ഇറ്റലിയുടെ റെക്കോര്‍ഡ് പഴങ്കഥയാവും. 2019ലെ കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതിന് ശേഷം അര്‍ജന്റീന തോല്‍വി തൊട്ടിട്ടില്ല.

2018 ഒക്ടോബര്‍ 10 മുതല്‍ 2021 ഒക്ടോബര്‍ ആറ് വരെയാണ് ഇറ്റലിയുടെ വിജയ കുതിപ്പ് ലോകം കണ്ടത്. ഇതിന് തടയിട്ടത് സ്‌പെയ്‌നിനും. 1993 ഡിസംബര്‍ മുതല്‍ 1996 ജനുവരി വരെ നീണ്ടതായിരുന്നു ബ്രസീലിന്റെ 35 മത്സരങ്ങളിലെ വിജയ കുതിപ്പ്. ഇതിന് തടയിട്ടത് മെക്‌സിക്കോയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *