ഭീകരവാദമാണ് പാകിസ്താന്‍ നേരിടുന്ന പ്രധാന പ്രശ്‌നം;പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളാണ് പാകിസ്താന്റെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലക്കി മര്‍വാട്ടില്‍ ഉണ്ടായ ആക്രമണത്തില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തെയും ഷെരീഫ് അപലപിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചത്.

രാജ്യം നേരിടുന്ന വലിയ പ്രശ്‌നം ഭീകരവാദ പ്രവര്‍ത്തനങ്ങളാണ്. സുരക്ഷാ സേനയും പോലീസും അതിനെതിരെ ശക്തമായി പോരാടുകയാണ്. ലക്കി മര്‍വാട്ടില്‍ പോലീസ് വാനിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ വാക്കുകളില്ല. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നാണ് ഷെരീഫ് ട്വിറ്ററില്‍ കുറിച്ചത്.

പാകിസ്താന്‍ ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയും ആക്രമണത്തെ അപലപിച്ചു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഐജിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് ലക്കി മര്‍വാട്ടില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ട് ഭീകരര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാനിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന പാകിസ്താന് ഭീകരാക്രമണങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തെ തിരിച്ച്‌ പിടിക്കുന്നതിന് ലോകരാജ്യങ്ങളില്‍ നിന്ന് പാകിസ്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ദ്ധിച്ച്‌ വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവയ്‌ക്ക് ഒരു വെല്ലുവിളിയാകുമോ എന്നത് കാത്തിരുന്നു അറിയേണ്ടതായുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *