കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതിന് കാരണം അഡ്വക്കറ്റ് ജനറലിന്റെ വിവരക്കേടാണെന്ന് ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ്. അഡ്വക്കേറ്റ് ജനറല്‍ പത്തു പന്ത്രണ്ട് തവണ ഈ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായെന്നാണ് പറയുന്നത്. സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന വക്കീലന്‍മാരുടെ വിവരക്കേടാണ് സര്‍ക്കാരിന്റെ കഷ്ടകാലത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദ് മാന്യനും സാത്വികനുമായ വ്യക്തിയാണ്. അദ്ദേഹം സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ഗൂഢാലോചന നടത്തിയെന്ന അഭിപ്രായം തനിക്കില്ല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ നല്‍കിയ അപ്പീലില്‍ പഴയ പഴ്‌സണല്‍ സ്റ്റാഫായ ജോപ്പന്റെ കാര്യം ഉള്‍പ്പെടുത്തിയ സാഹചര്യം എന്താണെന്ന് അറിയില്ല. പഴയകാര്യങ്ങള്‍ കൂടി ചേര്‍ക്കേണ്ട സാഹചര്യമുള്ളതുകൊണ്ടാണെങ്കില്‍ എതിരഭിപ്രായമില്ലെന്നും അല്ലെങ്കില്‍ താന്‍ അതിനെ അനുകൂലിക്കുന്നില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. എന്തായാലും ഈ എ ജിയെ വെച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും പി സി ജോര്‍ജ്ജ് കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
