കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബ്രിട്ടന്‍.

കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബ്രിട്ടന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ ആരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.വര്‍ക്ക് ഫ്രം ഹോം നിബന്ധന ഇന്നു മുതല്‍ തന്നെ ഇല്ലാതെയാകുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, കോവിഡ് പാസ്സ്പോര്‍ട്ടും, നിര്‍ബന്ധിത മാസ്‌ക് ധാരണവും ഉള്‍പ്പടെയുള്ള മറ്റ് പ്ലാന്‍ ബി നിയന്ത്രണങ്ങള്‍ വരുന്ന വ്യാഴാഴ്‌ച്ചയോടെ ഇല്ലാതെയാകുമെന്നും പറഞ്ഞു. പാര്‍ട്ടി ഗെയ്റ്റ് വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നഷ്ടപ്പെട്ട പിന്തുണ തിരികെ നേടാനുള്ള ബോറിസിന്റെ ശ്രമമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ ചുവടുമാറ്റത്തെ വിലയിരുത്തുന്നത്.

കോവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷന്‍, അതുപോലെ കോവിഡ് ബാധിച്ചവര്‍ പേരും വിലാസവും എന്‍ എച്ച്‌ എസ് ടെസ്റ്റ് ആന്‍ഡ് ട്രേസിന് നല്‍കണം തുടങ്ങിയ നിബന്ധനകള്‍ മാര്‍ച്ച്‌ 24 ആകുമ്ബോഴേക്കും പിന്‍വലിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. തുടര്‍ച്ചയായ 14-ാം ദിവസവുംകോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനംഉണ്ടായിരിക്കുന്നത്. ഇന്നലെ 1,08,069 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ 16.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

വ്യാപന നിരക്കിന് വിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വര്‍ദ്ധിച്ചു വരികയായിരുന്ന മരണ നിരക്കും കുറയുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ 359 കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാല്‍9.8 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലാണെങ്കില്‍ 14.5 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ബോറിസ് ജോണ്‍സണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുവാനുള്ള തീരുമാനം ജനപ്രതിനിധി സഭയില്‍ പ്രഖ്യാപിച്ചത്. പിന്നീട് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പത്രസമ്മേളനത്തിലൂടെ ഇത് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. ഓമിക്രോണ്‍ അതിന്റെ മടക്കയാത്ര ആരംഭിച്ചു എന്ന് പറഞ്ഞ ജാവിദ് പക്ഷെ, ഇത് ഒരിക്കലും കോവിഡ് എന്ന രോഗത്തിന്റെയോ കൊറോണ എന്ന വൈറസിന്റെയോ അവസാനമല്ലെന്നും കൂട്ടിച്ചേര്‍ത്തു. മറ്റു പല രോഗങ്ങളേയും പോലെ ഇനിയുള്ള കാലം കോവിഡുമൊത്തും ജീവിച്ച്‌ ശീലിക്കണം. അടിസ്ഥാനപരമായ കരുതലോടെയുള്ള ജീവിതമായിരിക്കും ഇനിയങ്ങോട്ട് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം തടയുകയല്ല മറിച്ച്‌ വൈറസിനൊപ്പം ജീവിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന പുതിയ നയത്തിന്റെ ഭാഗമായി ജൂലായ് മാസം മുതല്‍ സൗജന്യ ലാറ്ററല്‍ ഫ്ളോ പരിശോധനകള്‍ നിര്‍ത്തലാക്കുമെന്ന് ചില സൂചനകള്‍ ലഭിക്കുന്നു. ഓമിക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായി, ജനങ്ങളോടെ സ്ഥിരമായി സ്വാബ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വ്യാപകമായ സൗജന്യ പരിശോധന നിര്‍ത്തലാക്കുന്നതോടെ അത്യാവശ്യ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും സൗജന്യ പരിശോധന ലഭ്യമാവുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *