ബോക്സോഫീസില്‍ കൊടുങ്കാറ്റായി ‘2018’;തിയേറ്ററുകളില്‍ വന്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു

മലയാള സിനിമയുടെ ചരിത്രം തിരുത്തി തിയേറ്ററുകളില്‍ വന്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ‘2018 Everyone Is A Hero’.ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് കണ്ട് ഞെട്ടിത്തരിച്ചിരിക്കയാണ് മലയാള സിനിമ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും. റിലീസ് ചെയ്ത് ഒന്‍പതാം ദിനത്തില്‍ അഞ്ച് കോടി 18 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷന്‍.

ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 80 കോടിയിലധികം ആയിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മലയാള സിനിമ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. ആദ്യവാരം പിന്നിടുമ്ബോള്‍ തന്നെ ഇത്രയും വലിയൊരു തുക സ്വന്തമാക്കിയ ‘2018 Everyone Is A Hero’ മലയാള സിനിമയുടെ പ്രതിശ്ചായയാണ് മാറ്റിമറിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ നിറകണ്ണുകളോടെ പുറത്തിറങ്ങുമ്ബോള്‍ അവര്‍ ഒറ്റ ശ്വാസത്തില്‍ വിളിച്ച്‌ പറയുന്നുണ്ട്, ഇത് കേരളീയരുടെ വിജയമാണെന്ന്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി നടനും സംവിധായകവനും നിര്‍മ്മാതാവുമായ ജൂഡ് ആന്തണി ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ‘2018 Everyone Is A Hero’ മെയ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തിയത്.

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന്‍ പോളും സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃഷ്യാവിഷ്ക്കരിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *