ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായി ‘സൗദി വെള്ളക്ക’യെ തിരഞ്ഞെടുത്തു.
തിയേറ്ററുകളിലും ഒ.ടി.ടിയിലും മികച്ച പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ ചിത്രം നിരവധി പുരസ്കാരങ്ങള്‍ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കോടതിവിധികളില്‍ വന്നുചേരുന്ന കാലതാമസം, കോടതികളില്‍ വരുന്ന ഓരോ കേസുമായും ബന്ധപ്പെട്ടുള്ള മനുഷ്യരുടെ ജീവിതത്തെയും അവരുടെ ചുറ്റുമുള്ളവരെയും എത്രത്തോളം ബാധിക്കുന്നുവെന്ന് കാണിച്ചുതന്ന ഹൃദയസ്പര്‍ശിയായ ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി – സന്ദീപ് സേനന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘സൗദി വെള്ളക്ക’.
ഐഎഫ്‌എഫ്‌ഐ ഇന്ത്യന്‍ പനോരമ, ചെന്നൈ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഗോവ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡല്‍ അവാര്‍ഡ് കോംപറ്റീഷന്‍), പൂനെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ധാക്ക ഇന്‍്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഉര്‍വ്വശി തിയേറ്റേഴ്സിന്‍്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ സന്ദീപ് സേനന്‍ നിര്‍മ്മിച്ച സിനിമയാണ് സൗദി വെള്ളക്ക. സൂപ്പര്‍ഹിറ്റായ ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി എഴുതി സംവിധാനം ചെയ്ത സിനിമയുമാണ്.
ദേവി വര്‍മ്മ, ലുക്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ അനന്യ എന്നിവര്‍ക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങള്‍ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗത്ഭ കലാകാരികളും കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ജുഡീഷ്യറിയുടെ നൂലാമാലകളില്‍ പെട്ടുപോകുന്ന സാധാരണക്കാരുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം തങ്ങളുടെ ഹൃദയത്തിലേക്കാണ് ഏറ്റെടുത്തത്. നമ്മുടെ കോടതികള്‍ മാറേണ്ടതുണ്ടെന്നും നിയമവ്യവസ്ഥകളും വ്യവഹാരങ്ങളും മാറേണ്ടതുണ്ടെന്നും കൂടിയായിരുന്നു ചിത്രം വരച്ചുകാട്ടിയത്.
ചിത്രത്തില്‍ ഐഷ റാവുത്തര്‍ എന്ന പ്രായമേറിയ കഥാപാത്രമായി പുതുമുഖമായ ദേവി വര്‍മ്മയുടെ മനസ്സ് തൊടുന്ന അഭിനയം ഏറെ പ്രശംസ നേടുകയുമുണ്ടായി. കോവിഡ് കാലത്ത് ഏറെ വെല്ലുവിളികളോടെയായിരുന്നു സിനിമയുടെ ഷൂട്ട് നടന്നത്.
