സോണിയയുടെ പടിയിറക്കവും രാഹുലിന്റെ കയറ്റവും ഉടന്‍

സോണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒക്ടോബറോടെ പടിയിറങ്ങിയേക്കും. സംഘടനാതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 15ന് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രസി‌ഡന്റ് സ്ഥാനത്തേക്ക് ഉയർത്തുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച ചേർ‌ന്ന പ്രവർത്തക സമിതി യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമത്തിന് അംഗീകാരം നൽകിയിരുന്നു. ബൂത്ത് തലം മുതൽ എ.ഐ.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് വരെ നടക്കുന്ന തിരഞ്ഞെടുപ്പ് ഒക്‌ടോബർ 30ന് മുൻപ് പൂർത്തിയാക്കും. ഡിസംബർ 31 വരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സമയം അനുവദിച്ചിട്ടുണ്ട്.

പാർട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തണമെന്നും സംഘടനാ തിരഞ്ഞെടുപ്പ് വേഗത്തിലും സുതാര്യമായും നടത്തുന്നതിനും സോണിയ യോഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, രാഹുലിനെ അദ്ധ്യക്ഷനാക്കുന്ന കാര്യം ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമായ മറുപടി പറഞ്ഞില്ല. സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പ്രവർത്തക സമിതി അനുമതി നൽകിയെന്നും രാഹുലിന്റെ കാര്യം പ്രത്യേകമായി ചർച്ച ചെയ്തില്ലെന്നുമായിരുന്നു ആസാദ് പറഞ്ഞത്.

കഴിഞ്ഞ വർഷം നവംബറിൽ ചേർന്ന പ്രവർത്തക സമിതി യോഗം, രാഹുലിനെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുതിർന്ന നേതാവ് എ.കെ.ആന്റണി എന്നിവരും ഈ ആവശ്യത്തെ ശക്തമായി പിന്തുണച്ചിരുന്നു. അതേസമയം, പദവി ഏറ്റെടുക്കാൻ അന്നൊക്കെ രാഹുൽ വിസമ്മതിക്കുകയായിരുന്നു.

1998 പ്രസി‌ഡന്റായിരുന്ന സീതാറാം കേസരി പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് സോണിയാ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് രണ്ട് പതിറ്റാണ്ടായി സോണിയ ഈ പദവി അലങ്കരിച്ചു വരികയാണ്. 2013ൽ ജയ്പൂരിൽ ചേർന്ന ചിന്തൻ ശിബിരത്തിലാണ് പാർട്ടി ഉപാദ്ധ്യക്ഷനായി രാഹുലിനെ നിയമിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *