രാജ്യത്തെ കൊവിഡ് പരിശോധന വര്‍ധിച്ചു; ഇതിനകം പൂര്‍ത്തിയാക്കിയത് 90,66,173 പരിശോധന

ന്യൂഡല്‍ഹി | കൊവിഡ് പരിശോധനക്ക് ഇനി മുതല്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കാമെന്ന് തീരുമാനിച്ചതോടെ രാജ്യത്തെ കൊവിഡ് പരിശോധന വര്‍ധിച്ചു. പ്രതിദിനം രണ്ടേകാല്‍ ലക്ഷത്തിന് മുകളില്‍ പരിശോധന രാജ്യത്ത് ഇപ്പോള്‍ നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വര്‍ധിക്കും. രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് പരിശോധനകള്‍ 90,56,173 ആണ്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇത് ഒരു കോടിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിശോധനക്കായി 1065 ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഡോക്ടര്‍മാരെ കാത്തിരിക്കാതെ ഇനി മുതല്‍ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കൊവിഡ് പരിശോധനക്ക് വിധേയരാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഐ സി എം ആര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌, ഒരാള്‍ക്ക് കോവിഡ് പരിശോധന നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ എത്രയുംവേഗം അതിനുള്ള സൗകര്യം ലഭ്യമാക്കണം.

കൊവിഡ് മുന്‍ഗണനാ പരിശോധനയുള്ള ആര്‍ ടി പി സി ആര്‍ ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ക്യാമ്ബുകള്‍, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *