യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി.

യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുത്തൻ മാതൃക തീർത്തത്.
കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് ദുരനുഭവമുണ്ടായത്.

ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി.
പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പൊലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.

എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു.
ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പൊലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം ആരതി പങ്കുവെച്ചു. ഇതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും പോരാട്ടവും നാട്ടുകാരറിഞ്ഞത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളേജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു.

പകല്‍സമയത്ത് യാത്രക്കാര്‍ നിറഞ്ഞ ബസിനുള്ളില്‍ ഇങ്ങനെ ഉപദ്രവിക്കുന്നയാള്‍ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാല്‍ വെറുതെവിടുമോ. അതിനാലാണ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ പ്രതികരിക്കണമെന്ന് ആരതി ധൈര്യത്തോടെ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *