മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽനിന്ന് കടുത്ത നിരാശയോടെ പാകിസ്താൻ ടീം മടങ്ങി

ശിൽപനഗരമായ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽനിന്ന് കടുത്ത നിരാശയോടെ പാകിസ്താൻ ടീം മടങ്ങി. മത്സരത്തിന്‍റെ അവസാന ഘട്ടത്തിലാണ് പാകിസ്താൻ ടീമിനെ പിൻവലിച്ചത്. ഒളിമ്പ്യാഡിന്‍റെ ദീപശിഖ ജമ്മു-കശ്മീരിലൂടെ കൊണ്ടുപോയത് മനഃപൂർവമാണെന്നും ഇതിലൂടെ ഇന്ത്യ അന്താരാഷ്ട്ര ചെസ് ചാമ്പ്യൻഷിപ്പിനെ രാഷ്ട്രീയവത്കരിച്ചതിലുള്ള പ്രതിഷേധമാണ് തീരുമാനത്തിന് കാരണമെന്നുമാണ് പാകിസ്താൻ വിശദീകരിക്കുന്നത്.
ഇതിനെ രാഷ്ട്രീയവത്കരിച്ച് ടീമിനെ പിൻവലിച്ച തീരുമാനം നിർഭാഗ്യകരമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യയിൽ ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് പാകിസ്താനിൽനിന്ന് 19 അംഗ സംഘം പുണെയിൽനിന്ന് വിമാനമാർഗം ചെന്നൈയിലെത്തിയത്.

ഇവരെ തമിഴ്നാട് അധികൃതരും ഒളിമ്പ്യാഡ് സംഘാടക സമിതി ഭാരവാഹികളും വരവേറ്റു. തുടർന്ന് ഇവരെ ലക്ഷ്വറി വാഹനങ്ങളിൽ ചെന്നൈ ഒ.എം.ആർ റോഡിലെ ശിറുശേരിയിലെ നക്ഷത്ര ഹോട്ടലിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി പെട്ടെന്നാണ് ടീമിനെ പിൻവലിക്കുന്നതായ പാകിസ്താൻ സർക്കാറിന്‍റെ അറിയിപ്പ് എത്തിയത്. രാത്രി 11ഓടെതന്നെ ടീമംഗങ്ങൾ കടുത്ത നിരാശയോടെ ഇൻഡിഗോ എയർലൈൻസിൽ പൂനെയിലേക്ക് തിരിച്ചു. ഇവരെ ഒളിമ്പ്യാഡ് സംഘാടക സമിതി യാത്രയയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *