ഭര്‍ത്താവ് ഒരു വർഷമായി ടോയ്‍ലറ്റില്‍ പൂട്ടിയിട്ടിരുന്ന യുവതിയെ രക്ഷപ്പെടുത്തിയത് വനിതാ സംരക്ഷണ വകുപ്പ്

ഭര്‍ത്താവ് ടോയ്‍ലറ്റില്‍ പൂട്ടിയിട്ടിരുന്ന യുവതിയെ വനിതാ സംരക്ഷണ വകുപ്പ് രക്ഷപ്പെടുത്തി. ഹരിയാന പാനിപത്ത് റിഷ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയെ ഭര്‍ത്താവ് ടോയ്‍ലറ്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് വനിതാ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ രജിനി ഗുപ്ത പറഞ്ഞു.
ഒരു വര്‍ഷത്തിലധികമായി യുവതിയെ ടോയ്‍ലറ്റില്‍ അടച്ചിട്ടിരിക്കുകയാണെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളിന്നലെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നുവെന്നും വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ച വിവരം സത്യമാണെന്ന് മനസ്സിലായതായും രജിനി ഗുപ്ത പറഞ്ഞു. തങ്ങളെത്തുമ്പോള്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാല്‍ യുവതി അവശനിലയിലായിരുന്നുവെന്നും അവര്‍ പറയുന്നു.

യുവതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതിനാലാണ് പൂട്ടിയിട്ടതെന്നാണ് ഭര്‍ത്താവ് പറയുന്നത്. എന്നാല്‍ തങ്ങള്‍ യുവതിയോട് സംസാരിച്ചെന്നും ഭര്‍ത്താവ് പറയുന്നത് ശരിയല്ലെന്ന് മനസ്സിലായതായും രജിനി വ്യക്തമാക്കി. യുവതി മാനസികമായി ഓകെ ആണോ അല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഒരു ഡോക്ടറാണ്. അതിനാല്‍ അവര്‍ക്ക് അതിനുള്ള വൈദ്യസഹായം ഏര്‍പ്പാടാക്കും. പക്ഷേ, അവരെ അടച്ചിട്ടിരുന്നത് ഒരു ടോയ്‍ലറ്റിലാണ്. ഞങ്ങളെത്തിയാണ് അവരെ അവിടുന്ന് മോചിപ്പിച്ചു കൊണ്ടുവന്നത്. അത് സത്യമാണ്. യുവതിയെ കുളിപ്പിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് അവരെ ഞങ്ങള്‍ പുറത്തിറക്കിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാക്കി നടപടികള്‍ എടുക്കേണ്ടത് പൊലീസാണെന്നും രജനി പറയുന്നു.

ഭാര്യ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് അടച്ചിട്ടത്. അവളോട് പലതവണ പുറത്തിറങ്ങിവരാന്‍ പറഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ അവള്‍ കൂട്ടാക്കിയില്ല. ഞങ്ങളവളെ ഡോക്ചറെ കാണിച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ലെന്ന വിശദീകരണമാണ് യുവതിയുടെ ഭര്‍ത്താവ് നല്‍കുന്നത്.

രജിനി ഗുപ്തയുടെ പരാതിയില്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അതിന് മുമ്പായി യുവതിക്ക് വൈദ്യസഹായം ഉറപ്പുവരുത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *