ബി നിലവറ; മന്ത്രിയുടെ സമവായ ചര്‍ച്ചയിലും വഴങ്ങാതെ രാജകുടുംബം; ‘തന്ത്രിയുടെ തീരുമാനമാണ് അന്തിമം’

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് തിരുവതാംകൂര്‍ രാജകുടുംബം. നിലവറതുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജകുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. നിലവറ തുറക്കുന്നതിന് ആചാരപരമായ തടസ്സങ്ങളുണ്ടെന്ന് രാജകുടുംബം അറിയിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമമായി കാണുന്നതെന്ന് രാജകുടുംബം സര്‍ക്കാരിനെ അറിയിച്ചു. ബി നിലവറ തുറക്കണമെന്ന് സര്‍ക്കാര്‍ നിലപാട് അറിയിക്കാനാണ് ദേവസ്വംമന്ത്രി കവടിയാര്‍ കൊട്ടാരത്തിലെത്തിയത്. ബി നിലവറ തുറക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി വ്യക്തമാക്കി. എതിര്‍പ്പുണ്ടെന്നും ആചാരപരമായ തടസ്സങ്ങളുണ്ടെന്നുമായിരുന്നു രാജകുടുംബത്തിന്റെ മറുപടി. അമിക്കസ്‌ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കടകംപള്ളി പറഞ്ഞു.
ബി നിലവറ തുറക്കണമെന്നും തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *