‘ബാത്ത് റൂം തുറന്നു തന്നില്ല; മൂത്രമൊഴിച്ചത് ലോറിയുടെ മറവില്‍’; കല്ലട ബസ് ജീവനക്കാരുടെ ക്രൂരത തുറന്നു പറഞ്ഞ് അധ്യാപിക

തിരുവനന്തപുരം: കല്ലട ബസിലെ തൊഴിലാളികളില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തി കോളേജ് പ്രൊഫസറുടെ ഫേസ്ബുക്ക് കുറിപ്പ്. ചെന്നൈയില്‍ നിന്നും കല്ലടയുടെ ബസ് ബുക്ക് ചെയ്ത തനിക്കും മകള്‍ക്കും ഉണ്ടായ ദുരനുഭവങ്ങള്‍ മായ മാധവന്‍ എന്ന തിരുവനന്തപുരത്തെ കോളേജ് പ്രൊഫസറാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘തമിഴ് നാട്ടില്‍ നിന്നും വരുമ്ബോഴാണ് കല്ലടയുടെ ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. ചെന്നൈയില്‍ നിന്നും രാത്രി 11 മണിക്ക് വരേണ്ടിയിരുന്ന ബസ് പുലര്‍ച്ചെ 5 മണിക്കാണ് എത്തിയത്. അത്രയും സമയം തമിഴ്നാട്ടിലെ ഒരു വിജനമായ ഗ്രാമത്തില്‍ ഭയപ്പെട്ട് മകള്‍ക്കൊപ്പം തനിച്ച്‌ ഇരിക്കേണ്ടി വന്നു.
കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജര്‍ മൂത്രമൊഴിക്കാന്‍ പോലും പാതിരാത്രി ഓഫീസ് തുറന്നു തന്നില്ലെന്നും മായ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒടുവില്‍ ഗതികെട്ട് ഇരുട്ടിന്‍റെ മറവില്‍ കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് മൂത്രമൊഴിച്ചത്. പുലര്‍ച്ചയോടടുത്ത് ഒരു വാഹനം വന്ന് അതില്‍ കയറിയെങ്കിലും അതിലെ ജീവനക്കാര്‍ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. ഭക്ഷണത്തിനും പ്രഥമികവശ്യങ്ങള്‍ക്കും നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരെ ജീവനക്കാര്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു.
ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വയോധികനെയും ചീത്ത വിളിച്ചു. ജീവനക്കാരുടെ ക്രൂരതയെ യാത്രക്കാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അവര്‍ പ്രതികാരനടപടിയായി വാഹനം ഒടുവില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് നിര്‍ത്തിയിട്ടു. ഒടുവില്‍ ബസിലെ യാത്രക്കാര്‍ മാപ്പു പറഞ്ഞ് അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് അവര്‍ ബസ് മുന്നോട്ടെടുത്തതെന്നും മായ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വളരെ മോശമായി ഗുണ്ടകളെപ്പോലെയാണ് ബസിലെ ജീവനക്കാരുടെ പെരുമാറ്റമെന്നും കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാര്‍ഢ്യമെന്നും മായ ഫേസ്ബുക്കില്‍ കുറിക്കുന്നു.
സര്‍വ്വീസ് നിര്‍ത്തിവെച്ചത് ചോദ്യം ചെയ്ത യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറത്തു വന്നതിന് പിന്നാലെയാണ് കല്ലട ബസ്സിലെ ജീവനക്കാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂര കൃത്യങ്ങള്‍ വ്യക്തമാക്കി മായാ മാധവന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
കല്ലടയുടെ പുതിയ വാര്‍ത്ത കണ്ടപ്പോള്‍ നമ്മുടെ അനുഭവം ഓര്‍മ വന്നു….അതിഭീകരമായിരുന്നു. രാത്രി11 മണിക്ക് ചെന്നൈയില്‍ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫീസില്‍ ഇരുത്തിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബസ് എപ്പോള്‍ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. 1 മണി ഒക്കെ ആയപ്പോള്‍ ഓഫിസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്റ്റോപ്പില്‍ കൊണ്ട് നിര്‍ത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിലെ ഇരുട്ടില്‍ ഞങ്ങള്‍…വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാന്‍ ആശ്രയിക്കേണ്ടി വന്നത് കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്.ആര്‍ത്തവവസ്ഥയില്‍ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ….കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജര്‍ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫിസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താന്‍ പറഞ്ഞെങ്കിലും അയാള്‍ “ബസ് ,ദാ എത്തി” എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു.
വന്ന ബസിന്റെ സ്റ്റാഫിന് തീരെ താല്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവര്‍ക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതല്‍ അതിന്റെ ദേഷ്യം അവര്‍ യാത്രക്കാരോട് തീര്‍ത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികന്‍ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങള്‍ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാന്‍ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടയി പിന്നെ. ഒരു റിട്ടയര്‍ഡ് അധ്യാപകന്‍ ആയ അദ്ദേഹം അതേ ഭാഷയില്‍ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്റെ പേരില്‍ “എന്നാല്‍ ഇനി ഒരിടത്തേക്കും പോകണ്ട….ബസ് ഇവിടെ കിടക്കട്ടെ പിന്നെ നിങ്ങള്‍ എന്ത് ചെയ്യും എന്ന് കാണട്ടെ….”എന്ന് ആക്രോശിച്ചു കൊണ്ട് ഗുണ്ടകള്‍ എന്ന് തന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയില്‍ ഒതുക്കിയിട്ടു. രാവിലെ7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസില്‍ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോര്‍ക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ , കുളിക്കാതെ ബസിലും പുറത്തുമായി ഏകദേശം 13 മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍.
അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങള്‍ അവരുടെ കൈയും കാലും പിടിച്ചു മാപ്പ്‌ പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയില്‍ നിന്ന് ബസ് എടുക്കാമെന്ന് അവര്‍ സമ്മതിച്ചത്. അങ്ങനെ രാവിലെ 6 മണിക്ക് എത്തേണ്ട ബസ് വൈകിട്ട് 6 മണിക്ക് എത്തി…അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും . ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കള്‍ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃകോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും ,ഒരു സാദാ മലയാളിയെ പോലെ “വയ്യാവേലിക്കൊന്നും പോകാന്‍ എനിക്ക് നേരമില്ലേ…” എന്ന തീരുമാനം കൈക്കൊണ്ടതില്‍ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാര്‍ഢ്യം..

Spread the love

Leave a Reply

Your email address will not be published. Required fields are marked *