തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി നടപടിക്കെതിരെ എ. രാജ സുപ്രീംകോടതിയിലേക്ക്

ഇടുക്കി: തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി നടപടിക്കെതിരെ ദേവികുളം എം.എൽ.എ എ. രാജ സുപ്രീംകോടതിയെ സമീപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. രാജക്ക് സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹൈകോടതി വിധി.

പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത നിയോജകമണ്ഡലത്തില്‍ നിന്ന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാർ നൽകിയ ഹരജിയിലായിരുന്നു വിധി.

ക്രൈസ്തവ സഭാംഗമായ ആൻറണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നും ഹരജിയിൽ കൂടിക്കാട്ടിയിരുന്നു.

രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളുമൊക്കെ ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്. അമ്മയുടെ ശവസംസ്‌കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവെച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മത്സരിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം.

ജാതി വ്യക്തമാക്കുന്ന രേഖകൾ സി.എസ്.ഐ കൊച്ചി മഹായിടവക ബിഷപ്പിൽ നിന്നടക്കം കോടതി വരുത്തി പരിശോധിച്ചിരുന്നു. സി.എസ്.ഐ സഭയുടെ പക്കലുള്ള ഫാമിലി രജിസ്റ്റർ, മാമോദിസ രജിസ്റ്റർ, ശവസംസ്കാരം സംബന്ധിച്ച രജിസ്റ്റർ എന്നിവ പരിശോധിച്ചിരുന്നു. ദേവികുളത്ത് 7848 വോട്ടിനാണ് രാജ വിജയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *