തെരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കുന്നത് ആദ്യമായല്ല, ഇനിയും ഉപയോഗിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടല്ല നോട്ട ഉപയോഗിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2014 മുതല്‍ രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ നോട്ട ഉപയോഗിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റുകളില്‍ നോട്ട ഉള്‍പ്പെടുത്തിയതെന്നും കമ്മീഷന്‍ വിശദീകരിച്ചു. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലും നോട്ട ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഗുജറാത്തില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. നോട്ടയെ നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയും കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റവും കോണ്‍ഗ്രസില്‍ അല്‍പ്പം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നോട്ട കൂടി വരുന്നത്.

ഒഴിവ് വന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ബിജെപി വിജയം ഉറപ്പിച്ചതാണ്. മൂന്നാമത്തെ സീറ്റില്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാളയം വിട്ടവരെ ഒഴിവാക്കിയാല്‍ ബാക്കിയുള്ള 44 എംഎല്‍എമാരുടെയും എന്‍സിപിയുടെ രണ്ട് അംഗങ്ങളുടെയും പിന്തുണ ഇതിനായി കോണ്‍ഗ്രസിന് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

എങ്കിലും സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടായെങ്കില്‍ മാത്രമേ, കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ കഴിയൂ. അവസാനവട്ടം കൂറുമാറ്റമുണ്ടാകാനുള്ള സാധ്യതയാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബല്‍വന്ത് സിങ് രജപുത്തിനെയാണ് മൂന്നാമത്തെ സീറ്റിനായി ബിജെപി ഇറക്കിയിരിക്കുന്നതാണ്. ഇതാണ് പോരാട്ടം മുറുകിയതിന് കാരണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *