ജമ്മു കശ്മീരിന് സ്വയംഭരണം നല്‍കണം: ചിദംബരം

ജമ്മു കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും ഭൂരിപക്ഷം പേര്‍ക്കും സ്വയംഭരണമാണ് താല്‍പര്യമെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ചിദംബരം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും കശ്മീര്‍ ജനത ബഹുമാനിക്കുകയാണെന്നും രാജ്‌കോട്ടില്‍വെച്ച് അദ്ദേഹം പറഞ്ഞു.
ചിദംബരത്തിന്റെ പ്രസ്താവനക്ക് ശേഷം കോണ്‍ഗ്രസ് അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ചിദംബരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാല പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അത് ചോദ്യം ചെയ്യപ്പെടാതെ അങ്ങനെതന്നെ നിലനില്‍ക്കുമെന്നും സുജോര്‍വാല പറഞ്ഞു. ജനാധിപത്യത്തില്‍ ഒരാള്‍ക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചിദംബരത്തിന്റെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചു. കശ്മീരിന്റെ സ്വയം ഭരണമെന്ന ആവശ്യം ചിദംബരം മുന്‍പും ഉന്നയിച്ചിരുന്നു. കശ്മീരിന് സ്വയം ഭരണം നല്‍കിയില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നും ചിദംബരം മുന്നറിയിപ്പു നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *