കെ പി സി സി യോഗം നാളെ,രാഹുലിനെ കോൺഗ്രസ്‌ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസ്സാക്കും

അംഗങ്ങളുടെ പട്ടികക്ക് അന്തിമ അംഗീകാരം ആയതോടെ നാളെ പുതിയ കെ പി സി സി യോഗം ചേരും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്താണ് യോഗം. രാഹുൽ ഗാന്ധിയെ കോൺഗ്രസ്‌ അധ്യക്ഷനാക്കണമെന്നു യോഗം പ്രമേയം പാസ്സാക്കുമെന്നാണ് അറിയുന്നത്.

304 അംഗ പട്ടികയ്ക്കാണ് ഹൈക്കമാന്‍റ് അംഗീകാരം നൽകിയത്.പട്ടികയിൽ 282 പേർ ബ്ലോക്ക് കോൺഗ്രസ് പ്രതിനിധികളാണ്.15 പേർ പാർലമെന്‍ററി പാർട്ടി പ്രതിനിധികളും.ഏ‍ഴു പേർ കെപിസിസി മുൻ പ്രസിഡണ്ടുമാരാണ്.എ,ഐ ഗ്രൂപ്പുകൾക്ക് തുല്യ പ്രാധാന്യം ലഭിച്ചെങ്കിലും ഐ വിഭാഗത്തിനാണ് നേരിയ മുൻതൂക്കം.

എകെ ആന്‍റണിയുൾപ്പെടെ 22 പേർ ഒരു ഗ്രൂപ്പിലും പെടാത്തവരായുണ്ട്.28 സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിച്ചപ്പോൾ ദളിത് പ്രാതിനിധ്യം 17 ആണ്.45 വയസിൽ താ‍ഴെയുളളവരുടെ പ്രാതിനിധ്യം 45 ആയി ഉയർന്നു.

അവസാനം വരെ തർക്കം നിലനിന്നവരുടെ കാര്യത്തിൽ ഹൈക്കമാന്‍റു തന്നെ തീരുമാനമെടുക്കുകയായിരുന്നു.ശശി തരൂർ എംപി പാർലമെന്‍ററി പാർട്ടി പ്രതിനിധിയായിട്ടല്ല,ബ്ലോക്ക് പ്രതിനിധിയായിത്തന്നെ പട്ടികയിൽ ഉൾപ്പെട്ടു.കൊടിക്കുന്നിൽ സുരേഷിന്‍റെ അനുയായി സരോജിനിയെ പന്തളം ബ്ലോക്കിൽ നിന്ന് ഉൾപ്പെടുത്തി പ്രശ്നം പരിഹരിച്ചു.എ‍ഴുകോണിൽ നിന്നുളള പ്രതിനിധിയായി പിസി വിഷ്ണുനാഥിനെ നിശ്ചയിച്ചു.

കെ മുരളീധരൻ നിർദേശിച്ച മഹേശ്വരൻ നായരേയും അംഗമാക്കി.എംകെ രാഘവൻ എംപി കണ്ണൂരിലെ മാടായിയിൽ നിന്നുളള അംഗമാണ്.കെവി തോമസ്,കെസി വേണുഗോപാൽ,പിസി ചാക്കോ എന്നിവരുടെ പരാതികൾ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ആര്യാടൻ മുഹമ്മദ്,എംഎം ജേക്കബ്,കെ ശങ്കര നാരായണൻ തുടങ്ങിയ മുതിർന്ന നേതാക്കളെ നാമനിർദേശം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *