ജനാധിപത്യ വാദികൾക്കാകെ നിരാശ പകരുന്ന വിധി, നീതി പുലരും വരെ പോരാട്ടത്തിന് ഒപ്പം നിൽക്കാം: കെ കെ രമ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് കെ കെ രമ. ജനാധിപത്യ വാദികൾക്കാകെ കടുത്ത നിരാശ പകരുന്ന വിധിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന് രമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. വേട്ടക്കാരുടെ സ്വാധീന പരിധിയിൽ ജീവിക്കുന്ന പരാതിക്കാരിയുടേയും അവർക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകളുടെയും ജീവനു ജീവിതത്തിനും സർക്കാർ സുരക്ഷ ഉറപ്പു വരുത്തുക തന്നെ വേണമെന്നും കെ കെ രമ പറഞ്ഞു.

കെ കെ രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

വേട്ടക്കാരുടെ ധന ദുഃസ്വാധീനങ്ങളുടെ ഇരുട്ടിൽ നിന്ന് നീതി വെളിച്ചം കാണും വരെ, വഴി എത്ര ദുസ്സഹമായാലും ഇരകൾക്കൊപ്പം നമ്മളീ പോരാട്ടം തുടരുക തന്നെ ചെയ്യും.,

ജനാധിപത്യ വാദികൾക്കാകെ കടുത്ത നിരാശ പകരുന്ന വിധിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടിരിക്കുന്നു.

പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും ഭാഗത്ത് നിന്ന് എന്തൊക്കെയാണ് സംഭവിച്ചത് എന്നും കോടതി വാദങ്ങളുടെ വിശദാംശങ്ങളും അറിയാനിരിക്കുന്നതേയുള്ളൂ.

സദാചാര പൊതുബോധത്തിന്റെയും അധികാരദുഃസ്വാധീനത്തിൻറെയും വിലക്കുകളും അദൃശ്യ വിലങ്ങുകളും അതിജീവിച്ച് ഒരു കൂട്ടം സഹപ്രവർത്തകരായ സഹോദരിമാരുടെ മാത്രം പിന്തുണയുടെ ഊർജ്ജത്തിൽ പൊരുതി നിന്ന സ്ത്രീ ഇക്കാലയളവിൽ ഏറ്റു വാങ്ങേണ്ടിവന്ന വലിയ അപവാദ പ്രചരണങ്ങളും അപമാനങ്ങളുമുണ്ട് നമുക്ക് മുന്നിൽ. മതാധികാര സംവിധാനങ്ങൾ ഏറെക്കുറെ ഫ്രാങ്കോയ്ക്ക് ഒപ്പം തന്നെയായിരുന്നു എന്നതൊരു നഗ്നയാഥാർത്ഥ്യമായിരുന്നു. സമൂഹത്തിലെ ഭൂരിപക്ഷത്തെയും നയിക്കുന്ന ആണധികാര പൊതുബോധവും അങ്ങനെത്തന്നെയായിരുന്നു. ഇത്രയും അധികാര കേന്ദ്രങ്ങളുടെയും അപ്രീതിയും അനിഷ്ടവും കടുത്ത ശത്രുതയും ക്ഷണിച്ചു വരുത്തി ഒരു സ്ത്രീ തനിച്ച് ഇങ്ങനൊരു കാര്യത്തിൽ അസത്യം പറഞ്ഞുവെന്ന് വിശ്വസിക്കാൻ യാഥാർത്ഥ്യബോധവും സാമാന്യനീതിബോധവും മനുഷ്യപ്പറ്റുമുള്ള ആർക്കും കഴിയില്ല തന്നെ.

തീർച്ചയായും കീഴ്ക്കോടതിയിൽ പലകാരണങ്ങളാൽ നിഷിദ്ധമാക്കപ്പെട്ട നീതിയുറപ്പിക്കാൻ മേൽക്കോടതിയെ സമീപിക്കുന്നതിന് ഈ കേസിലെ ഇരയ്ക്ക് ആത്മവിശ്വാസമേകി കൂടെ നിൽക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വല്ല പോരായ്മകളും പറ്റിയെങ്കിൽ അത് നിശിത വിശകലനത്തിന് വിധേയമാക്കി തിരുത്തിക്കാനും ജനാധിപത്യ സമരമനസ്സുകൾ ഈ നീതിയുദ്ധത്തിൽ ഒപ്പമുണ്ടായേ തീരൂ. ബഹുവിധ അധികാര സ്വാധീനശക്തികൾക്കെതിരെ മിക്കവാറും ഒറ്റയ്ക്ക് തന്നെ പൊരുതിയ ആ സഹോദരിമാർക്ക് നീതി ലഭിക്കാനുള്ള തുടർനടപടികൾക്ക് സർക്കാരിൻറെ സഹായവും കൂടിയേ തീരൂ..
അതോടൊപ്പം വേട്ടക്കാരുടെ സ്വാധീന പരിധിയിൽ ജീവിക്കുന്ന പരാതിക്കാരിയുടേയും അവർക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകളുടെയും ജീവനു ജീവിതത്തിനും സർക്കാർ സുരക്ഷ ഉറപ്പു വരുത്തുക തന്നെ വേണം.

തീർച്ചയായും ജനാധിപത്യത്തിൽ നീതി അധികാര ദുഃസ്വാധീനങ്ങളുടെ തടവിലായിക്കൂടാ.. നേര് തെളിയും വരെ, നീതി പുലരും വരെ നമുക്കീ പോരാട്ടത്തിന് ഒപ്പം നിൽക്കാം…
കെ.കെ രമ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *